rahul-

ന്യൂഡൽഹി: പ്രധാനമന്ത്രി ആയതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി വാർത്താ സമ്മേളനം നടത്തിയത് നല്ല കാര്യമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ റാഫേൽ വിഷയത്തിൽ സംവാദത്തിന് തയ്യാറാകാതെ മോദി ഒളിച്ചോടുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പാണ് മോദി വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ മോദി കൂടെക്കൂട്ടിയിട്ടുമുണ്ട്. ഇത് അസാധാരണമാണെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇതേസമയത്ത് തന്നെയാണ് ബി.ജെ.പിയും വാർത്താ സമ്മേളനം നടത്തിയത്.