നേര് ഒന്നും നേരല്ലാത്തത് ഒരുപാടുമാണ്. ഇതിൽ നേരല്ലാത്തതിനെ എത്ര വേണമെങ്കിലും പെരുക്കാം. പക്ഷേ നേരിനെ കൂട്ടാനോ കുറയ്ക്കാനോ ഗുണിക്കാനോ ഹരിക്കാനോ ആവുകയില്ല. ഗണിതശാസ്ത്രത്തിലെ പൂജ്യം പോലെ നിരതിശയമാണിത്. പൂജ്യത്തെ മാത്രമെടുത്ത് ഏതു ക്രിയയ്ക്ക് വിധേയമാക്കിയാലും പൂജ്യമല്ലാതെ മറ്റൊരു ഫലമില്ല. എന്നാൽ പൂജ്യം എന്നതൊന്ന് ഇല്ലാതെ വന്നാലോ, ഗണിതശാസ്ത്രമേയില്ല എന്നു വരും. പൂജ്യമില്ലാതെ ഗണിതശാസ്ത്രത്തിൽ ഇടപെടുന്നത് പോലെയാണ് പിരിക്കാനും പെരുക്കാനും കഴിയുന്ന നേരല്ലാത്തവയെ നേരെന്നു ധരിച്ച് ജീവിതത്തിൽ വ്യവഹരിക്കുന്നതും. അതുകൊണ്ടാണ് ജീവിതത്തിന്റെ പരമലക്ഷ്യത്തെ പ്രാപിക്കാനാവാതെ വരുന്നതും ജീവിതം തുച്ഛമായിപ്പോകുന്നതും.
പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം നേരെന്നു അറിയുന്നതാണു തുച്ഛത. നേരിനും നേരല്ലാത്തതിനും ഇടയിലിരിക്കുന്ന ഒരു അറിവുണ്ട്. ആ അറിവാണ് ഈ തുച്ഛതയെ ഉണ്ടാക്കുന്നത്. പരന്നുകിടക്കുന്ന ഭൂമിയെ കണ്ടിട്ട് ഭൂമി പരന്നതാണെന്നും, അരണ്ട വെളിച്ചമുള്ളിടത്തു കിടക്കുന്ന കയറിനെക്കണ്ടിട്ട് അതു പാമ്പാണെന്നും, മറുകര കാണാനാവാത്ത മരുഭൂമിയിൽ പതിഞ്ഞുകിടക്കുന്ന വെയിലിന്റെ തിളക്കം കണ്ടിട്ട് അത് വെള്ളമാണെന്നും, ആകാശനീലിമ കണ്ടിട്ട് ആകാശത്തിന്റെ നിറം നീലയാണെന്നും ഒക്കെ ധരിച്ചുവച്ചാൽ അതിൽ എത്ര വാസ്തവമുണ്ടാകും. വാസ്തവമല്ലാത്തതിനെ വാസ്തവമെന്നു ധരിക്കുന്നതിനു ഇടയായിത്തീരുന്നത് തുച്ഛമായ അറിവുകളാണ്. തുച്ഛമായ അറിവ് വെച്ചുകൊണ്ട് കാണുന്നതിലൊന്നും നേരില്ല എന്നു വ്യക്തമാക്കാനാണ് ഈ ഉദാഹരണങ്ങൾ പറഞ്ഞത്. അപ്പോൾ നേരിൽ കാണുന്ന കാഴ്ചയ്ക്കപ്പുറത്താണ് അതിന്റെ നേര് മറഞ്ഞിരിക്കുന്നതെന്നർത്ഥം. അതിനാൽ ഏതൊരു വസ്തുവിനെ കാണുമ്പോഴും ഏതൊരു വിഷയത്തെ അറിയുമ്പോഴും അതിനു കാരണമായിരിക്കുന്ന നേരിനെയാണു നമ്മൾ അന്തിമമായി അറിയേണ്ടത്. ഈ നേരിനെ വിവേചിച്ച് അറിയാതെ അതിനെ മറച്ചുനില്ക്കുന്ന ദൃശ്യങ്ങളെക്കണ്ടിട്ട് അതാണു നേരെന്ന് ഉറപ്പിച്ച് വ്യവഹരിച്ചാൽ ജീവിതത്തിലേക്കു വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമൊക്കെ ക്രമമില്ലാതെ കടന്നുവരും. ഇങ്ങനെ പെരുകിക്കവിയുന്ന വൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന പൊട്ടിത്തെറിയിൽ വീണ് ജീവിതം അവനവനും അന്യജീവനും ഉതകാതെ പോകും. ഇതിനെയാണ് 'എരിനരകാബ്ധിയിൽ വീണെരിഞ്ഞിടും" എന്നു ആത്മോപദേശശതകത്തിൽ ഗുരുദേവൻ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള എരിനരകാബ്ധികളിൽ വീണ് ജീവിതം പാടേ പൊലിഞ്ഞു പോകാതിരിക്കാനുള്ള തേനൊലിയാണു ഗുരുദേവദർശനം. അത് കാണാതിരിക്കുന്ന നേരിനെ നമുക്കു നേരാംവഴി കാണിച്ചുതരുന്നു. അതെങ്ങനെയെന്ന് വിശദമാക്കാം.
നമുക്കെല്ലാം ഏറ്റവും കൂടുതൽ പരിചയമുള്ളത് നമ്മുടെ ശരീരങ്ങളെയാണല്ലോ. ആ ശരീരത്തിലെ പുറമേക്ക് കാണപ്പെടുന്ന അവയവങ്ങളെക്കുറിച്ചെല്ലാം നമുക്ക് വ്യക്തമായ ധാരണയുണ്ട്. കൈകൾ കൊണ്ട് എന്തൊക്കെ ചെയ്യണമെന്നും കാലുകൾ എങ്ങോട്ടേക്കു ചലിക്കണമെന്നും കണ്ണുകൊണ്ട് എന്തൊക്കെ കാണണമെന്നും എന്തിനെയൊക്കെ തൊടണമെന്നുമെല്ലാം നമുക്ക് തന്നെ നിശ്ചയിക്കാം. എന്നാൽ ഈ ഓരോ പ്രവൃത്തിയും ചെയ്യുന്നതിനു പിന്നിൽ മനസിന്റെയും ബുദ്ധിയുടെയും ഓർമ്മയുടെയും ബോധത്തിന്റെയുമൊക്കെ ശരീരാവയവങ്ങളുമായുള്ള കൃത്യമായ ചില സംയോജനങ്ങളുണ്ട്. അകമേയുള്ള ആ സംയോജനം നടക്കുന്നതാകട്ടെ നമ്മുടെ മുൻകൂട്ടിയുള്ള നിർദ്ദേശപ്രകാരമോ നിശ്ചയപ്രകാരമോ അല്ല. ഇതെല്ലാം ശരീരത്തിന്റെ നാഥനായിരിക്കുന്ന പ്രാണന്റെ അദ്ധ്യക്ഷതയിൽ ഞൊടിയിടയിൽ നടക്കുന്ന കാര്യങ്ങളാണ്. ശരീരത്തിന്റെ ഉച്ചിമുതൽ കാൽവിരൽ വരെ വ്യാപിച്ച് കിടക്കുന്ന ഈ പ്രാണനാണ് കാണാവുന്ന ശരീരത്തിന്റെ കാണാനാവാത്തതായിരിക്കുന്ന നേര്. ഈ നേരിനെ ഒരു നേത്രം കൊണ്ടും കാണാനാവില്ല. ചില സൂചകങ്ങളിലൂടെയല്ലാതെ അറിയാനുമാവുകയില്ല. എന്നാൽ ശരീരം നിലനില്ക്കുംവരെ അനുഭവമായിരിക്കുന്നതു അത് മാത്രവുമാണ്. ആ നേരിനെ അറിയാതെ ശരീരഭാഗങ്ങളെക്കുറിച്ച് എത്രയെല്ലാം പഠിച്ചാലും അറിഞ്ഞാലും അതു തുച്ഛമായ അറിവു മാത്രമായേ ശേഷിക്കുകയുള്ളൂ.
'ചിന്തചെയ്തു ചൊല്ലുന്നതിനിടയിൽ ഇരുന്ന് അറിയുന്ന അറിവ് " എന്നു ഗുരുദേവൻ വിശേഷിപ്പിക്കുന്നത് ഈ തുച്ഛമായ അറിവിനെയാണ്. ചിന്തകൊണ്ടും മനസുകൊണ്ടും ഇന്ദ്രിയങ്ങൾകൊണ്ടും മറ്റു വിനിമയോപാധികൾ കൊണ്ടും അറിയുന്ന ഇത്തരം അറിവുകൊണ്ടാണ് നമ്മളെല്ലാം നമ്മെയും നമ്മുടെ ജീവിതത്തെയും ഈ ലോകത്തെയും പ്രപഞ്ചത്തെത്തന്നെയും അറിയുന്നത്. പലവിധമായി അറിയുന്ന അറിവുകൾക്കെല്ലാമപ്പുറമാണ് യഥാർത്ഥത്തിലുള്ള നേരിന്റെ നില. ആ നേരിനെ അനുഭവമാക്കുമ്പോഴാണ് ജീവിതത്തിനു പൂർണ്ണതയുണ്ടാകുന്നത്. അതിനാണ് ആത്മാനുഭവം എന്നു ഗുരുക്കന്മാർ പറയുന്നത്. ഇതു തന്നെയാണ് ആത്മാനന്ദം അല്ലെങ്കിൽ ആത്മസുഖം എന്നതും. 'ജഗതിയിലിമ്മതമേകം" എന്നു തൃപ്പാദങ്ങൾ പറഞ്ഞിരിക്കുന്നത് ഈ നേരനുഭവത്തിൽ നിന്നുമാണ്. പക്ഷേ മനുഷ്യരെല്ലാം പൊതുവിൽ അന്വേഷിക്കുന്നതും അനുഭവിക്കാൻ ആഗ്രഹിക്കുന്നതും നേരനുഭവത്തെ മറച്ചുകിടക്കുന്ന കേവലമായിരിക്കുന്ന സുഖങ്ങളെയാണ്. പദാർത്ഥങ്ങളെയും വിഷയങ്ങളെയം ആശ്രയിച്ചിരിക്കുന്ന ഈ സുഖങ്ങളൊന്നും തന്നെ ആരെയും ശാശ്വതമായ ആത്മസുഖത്തിലെത്തിക്കുകയില്ല.
ഒരാൾ സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ ആ സ്വപ്നത്തിൽ അയാൾ പലരോടും സംസാരിക്കുന്നുണ്ടാവും. പലരും അയാളോടും സംസാരിക്കുന്നുണ്ടാവും. പക്ഷേ ആ സംസാരങ്ങളെല്ലാം തന്നെ യഥാർത്ഥത്തിൽ മറ്റ് ആരുടേതുമായിരിക്കുന്നില്ല. സ്വപ്നാടകന്റെ മനസ് സ്വപ്നാടകന്റെ മനസിനോടു തന്നെയാണ് സംസാരിക്കുന്നത്. ഇവിടെ ഒരേ മനസു തന്നെയാണ് പലതായി പിരിഞ്ഞിരിക്കുന്നത്. ആ പിരിയൽ അവസാനിക്കുന്നത് സ്വപ്നത്തിൽ നിന്നുണരുമ്പോഴാണ്. അപ്പോൾ സ്വപ്നത്തിൽ കണ്ടതും കേട്ടതും പറഞ്ഞതും അറിഞ്ഞതും അനുഭവിച്ചതുമെല്ലാം ഒരേ മനസ് തന്നെയെന്ന് ബോദ്ധ്യമാകുന്നു. ഈ അവസ്ഥപോലെ തന്നെയാണ് ഒരുവന്റെ വ്യവഹാരജീവിതത്തിൽ ചിന്തചെയ്തു ചൊല്ലുന്നതിനിടയിലിരിക്കുന്ന അറിവുകളും. ഈ തുച്ഛമായ അറിവുകൾ നല്കുന്ന ലോകത്തിനപ്പുറം നേരിന്റെ ഏകാത്മകമായ ഒരു അപൂർവാനുഭവമഹിമയുണ്ടെന്നറിയണം. അവിടെയെത്തിച്ചേരാനുള്ള വഴിയാണ് ഗുരുദർശനം നമുക്ക് കാട്ടിത്തരുന്നത്. ആത്മാവ് കൊണ്ടു മാത്രമേ ആത്മാവിനെ ഉദ്ധരിക്കാനാവൂ എന്ന ഗീതാദർശനം പോലെ അറിവ് കൊണ്ട് മാത്രമേ അറിവിനെ ഉദ്ധരിക്കാനാവൂ എന്നു ഗുരുദേവനും നമ്മെ പരിധിയില്ലാതെ പഠിപ്പിക്കുകയാണ്.