election-2019

കെൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ അക്രമസംഭവങ്ങൾ വ്യാപകമായ പശ്ചിമ ബംഗാൾ നാളെ പോളിംഗ് ബൂത്തിലെത്തുന്നത് കനത്ത സുരക്ഷാ സന്നാഹങ്ങൾക്കു നടുവിൽ.710 കമ്പനി സുരക്ഷാ സൈനികരാണ് ബംഗാളിൽ ജനാധിപത്യ പ്രക്രിയയ്‌ക്ക് കാവലാവുക. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, അവസാനഘട്ട പോളിംഗിനുള്ള പരസ്യപ്രചാരണം തിരഞ്ഞെടുപ്പു കമ്മിഷൻ ഒരു ദിവസം വെട്ടിച്ചുരുക്കിയിരുന്നു.

ഷെഡ്യൂൾ അനുസരിച്ച് ഇന്നലെ വൈകിട്ട് ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പരസ്യ പ്രചാരണമാണ് ബി.ജെ.പി- തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വ്യാഴാഴ്‌ച രാത്രി 10 വരെയായി തിരഞ്ഞെടുപ്പു കമ്മിഷൻ പുനർനിശ്ചയിച്ചത്.

710 കമ്പനി സൈനികരിൽ 34 കമ്പനിയെ നിയോഗിക്കുക, സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കാനാണ്. 676 കമ്പനി സേന വിവിധ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കും. ബംഗാളിന്റെ തെക്കൻ മേഖലയിൽ ഉൾപ്പെട്ട ഒൻപതു സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. ആകെ വോട്ടർമാരുടെ എണ്ണം 1,49,63,064. ഒൻപതു മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 111 സ്ഥാനാർത്ഥികളാണ്.