ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ചിൽ 17 ശതമാനം വർദ്ധനയോടെ 6,099 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 5,218 കോടി രൂപയായിരുന്നു. വരുമാനം 1.36 ലക്ഷം കോടി രൂപയിൽ നിന്ന് ആറു ശതമാനം ഉയർന്ന് 1.45 ലക്ഷം കോടി രൂപയായി. മികച്ച പ്രവർത്തന ഫലത്തിൽ പിൻബലത്തിൽ ഓഹരിയൊന്നിന് ഒരു രൂപ വീതം ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.