ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഗോഡ്സെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അദ്ദേഹം മഹാനാകുമായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര. അങ്ങനെ സംഭവിച്ചതുകൊണ്ടാണ് ഗാന്ധിജിയുടെ പേരിൽ പലരും ഭരണം നടത്തുന്നതെന്നും പല സ്ഥാപനങ്ങൾക്കും അദ്ദേഹത്തിന്റെ പേര് വയ്ക്കുന്നതെന്നും മിശ്ര പറഞ്ഞു. കൊലപാതകം ഗാന്ധിജിയെ മഹാനാക്കിയെന്നും കൊലപാതകത്തിന് പിന്നിലുളള യഥാർത്ഥ കാരണങ്ങളെ എല്ലാവരും നിസ്സാരവത്കരിക്കുകയാണെന്നും മിശ്ര കൂട്ടിച്ചേർത്തു.
ഗാന്ധിജിയുടെ അവസാനകാലത്ത്, അദ്ദേഹം പാകിസ്ഥാന്റെ ആശയങ്ങളോടാണ് അടുപ്പം കാണിച്ചതെന്നും പിന്നീട് അദ്ദേഹം പാകിസ്ഥാനോപ്പം ചേർന്നുവെന്നും മിശ്ര ആരോപിച്ചു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ഇക്കാര്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുമായിരുവെന്നും അദ്ദേഹം ഇപ്പോൾ ജീവനോടെ ഇല്ലാത്തത് കൊണ്ടാണ് ആരും അതേക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും മിശ്ര പറഞ്ഞു.
ഗാന്ധിജിയുടെ ജീവൻ എടുത്തുകൊണ്ട് ഗാന്ധിജിയുടെ ആശയങ്ങൾക്ക് ഗോഡ്സെ ജീവൻ നൽകുകയായിരുന്നു ഗോഡ്സേയെന്നും മിശ്ര പറഞ്ഞു. ജീവിച്ചിരുന്നുവെങ്കിൽ പാകിസ്ഥാനിലും ഇന്ത്യയിലും ഗാന്ധിയുടെ പ്രശസ്തിക്ക് കോട്ടം സംഭവിച്ചേനെയെന്നും ഇന്ത്യക്കാരുടെ മനസ്സിൽ നിന്നും അദ്ദേഹം മറഞ്ഞു പോയേനെ എന്നും മിശ്ര കൂട്ടിച്ചേർത്തു. '100 വർഷങ്ങൾക്ക് ശേഷം അതാകും സംഭവിക്കുക' മിശ്ര പറഞ്ഞു.