ആലപ്പുഴ: എൻ.ഡി.എ നേതാക്കളെ കള്ളക്കേസിലും മാനനഷ്ടക്കേസിലും കുടുക്കുന്ന സർക്കാർ നയത്തെ സംഘടനാപരവും രാഷ്ട്രീയപരവുമായി നേരിടാൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കള്ളക്കേസ് എടുത്തതും മാനനഷ്ടക്കേസിൽ നോട്ടീസ് അയച്ചതും അപലപനീയമാണെന്നും തുഷാർ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികൾക്ക് വോട്ട് കുറയുമെന്നും എൻ.ഡി.എയ്ക്ക് വോട്ട് കൂടുമെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തിയതായി ഒപ്പമുണ്ടായിരുന്ന എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. രണ്ട് മുന്നണികൾക്കിടയിൽ നിന്നുകൊണ്ട് എൻ.ഡി.എ 20 മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഒട്ടേറെ സീറ്റുകളിൽ വിജയം കൈവരിക്കും. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചതിന്റെ ഇരട്ടിയിലധികം വോട്ട് ഓരോ മണ്ഡലത്തിലും ലഭിക്കും.
വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ത്രിതല തിരഞ്ഞെടുപ്പിലും മികച്ച നേട്ടം കൈവരിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി ജില്ലാ നേതാക്കൾക്ക് പരിശീലനം നൽകാനും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിപാടികൾ തയ്യാറാക്കാൻ അഞ്ചംഗ സമിതി രൂപീകരിക്കാനും യോഗം തീരിമാനിച്ചു. 23ന് ശേഷമാവും സമിതി രൂപീകരണം. സി.പി.എമ്മും എൽ.ഡി.എഫും വർഗീയത ഉഴുതുമറിച്ച മണ്ണിൽ യു.ഡി.എഫ് വിളവെടുക്കാനാണ് ശ്രമിച്ചത്. എൻ.ഡി.എയ്ക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിറുത്താൻ കഴിഞ്ഞു. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എൻ.ഡി.എയുടെ രണ്ട് എം.എൽ.എമാർ നിയമസഭയിൽ യോജിച്ച് പ്രവർത്തിക്കും. ജനപക്ഷം, കേരള കാമരാജ് കോൺഗ്രസ്, ഡി.എൽ.പി, ജെ.ഡി.യു, ശിവസേന എന്നീ അഞ്ച് കക്ഷികൾ എൻ.ഡി.എയിൽ പുതുതായി ചേർന്നുവെന്ന് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
സംസ്ഥാനത്ത് എൻ.ഡി.എയും ഇടത്-വലത് മുന്നണികളും തുല്യശക്തികളായെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയും. ബി.ഡി.ജെ.എസിന്റെ സ്വാധീനം പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ അളവിൽ ഗുണം ചെയ്തു. പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർത്ഥി 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. അഞ്ച് സീറ്റുകൾ ലഭിക്കുമെന്നതിൽ സംശയമില്ലെന്നും പി.സി. ജോർജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, പി.സി. തോമസ് എന്നിവരും വിവിധ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.