pragya

ന്യൂഡൽഹി: 2008ലെ മലേഗാവ്​ സ്​ഫോടന കേസിലെ എല്ലാ പ്രതികളും ആഴ്​ചയിലൊരിക്കൽ ഹാജരാകണമെന്ന്​ മുംബയിലെ പ്രത്യേക എൻ.ഐ.എ കോടതി. കേസിലെ പ്രതിയായ, ബി.ജെ.പിയുടെ ഭോപ്പാൽ ലോക്സഭാ സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴു പ്രതികൾക്കും ഉത്തരവ് ബാധകമാണ്. കേസിലെ മറ്റൊരു പ്രതിയായ ​ലഫ്​റ്റനന്റ് കേണൽ പ്രസാദ്​ പുരോഹിതും ​കോടതിയിലെത്തിയിരുന്നില്ല. തിങ്കളാഴ്​ചയാണ്​ പ്രത്യേക എൻ.ഐ.എ കോടതി കേസ്​ വീണ്ടും പരിഗണിക്കുക.

റിട്ടയേഡ്​ മേജർ രമേഷ്​ ഉപാദ്യായ, അജയ്​ രധികാർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണ്​ കേസിലെ മറ്റ്​ പ്രതികൾ. എല്ലാവരും നിലവിൽ ജാമ്യത്തിലാണ്​. മഹാരാഷ്ട്രയിലെ മലേഗാവിൽ 2008 സെപ്തംബർ 29നായിരുന്നു ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മലേഗാവിലെ മുസ്ലിം പള്ളിക്ക് സമീപം മോട്ടോർ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.