london

അബുദാബി: ഡോ.ബി.ആർ‌. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഹോൾഡിംഗ് കമ്പനിയായ ഫിനാബ്ളർ ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ പ്രീമീയം വിഭാഗത്തിൽ ഇടംപിടിച്ചു. ലണ്ടൻ എക്‌സ്‌ചേഞ്ച് മുഖേന പ്രധാന വിപണികളിൽ ഓഹരികൾ വില്‌ക്കാനും സേവന മേഖല വിപുലപ്പെടുത്താനും ഫിനാബ്ളറിന് ഇതുവഴി സാധിക്കും.

ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫിനാബ്ള‌ർ സ്ഥാപകനും കോ-ചെയർമാനുമായ ബി.ആർ. ഷെട്ടി, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബിനയ് ഷെട്ടി, ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് എന്നിവർ അംഗീകാരപത്രം ഏറ്റുവാങ്ങി.

യു.എ.ഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്‌പ്രസ് മണി, യൂണിമണി, റെമിറ്റ് ടു ഇന്ത്യ, ഡിറ്റോ ബാങ്ക്, സ്വിച്ച് എന്നീ ബ്രാൻഡുകളുള്ള ഫിനാബ്ളർ ഹോൾഡിംഗ്‌സ്, മണി റെമിറ്റൻസ്, ഫോറിൻ കറൻസി എക്‌സ്‌ചേഞ്ച് തുടങ്ങിയ രംഗങ്ങളിൽ നൽകുന്ന മികച്ച സേവനവും ഉത്‌പന്ന വൈവിദ്ധ്യവും സാങ്കേതിക നവീകരണവുമാണ് ഈ അംഗീകാരത്തിന് പിന്നിലെന്ന് ഡോ.ബി.ആർ. ഷെട്ടി പറഞ്ഞു.