pragya

കർഗാവ്(മദ്ധ്യപ്രദേശ്): രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്സെയെ പുകഴ്ത്തിയ ബി.ജെ.പി നേതാക്കളെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി നേതൃത്വവും.

ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗിന് മാപ്പ് നൽകാൻ കഴിയില്ലെന്ന് മോദി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. അതേസമയം, ഗാന്ധിജിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച് ആക്ഷേപിച്ച മദ്ധ്യപ്രദേശിലെ ബി.ജെ.പിയുടെ മാദ്ധ്യമവിഭാഗം തലവൻ അനിൽ സൗമിത്രയെ പാർട്ടി

സസ്പെൻഡ് ചെയ്തു. ബിജെപിയുടെ എല്ലാ പദവികളിൽ നിന്നും സൗമിത്ര ഒഴിയും. ഇവരെക്കൂടാതെ ഗാന്ധിജിക്കെതിരെ വിവാദ പ്രസ്താവനകൾ നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ, നളിൻ കുമാർ കട്ടീൽ എന്നിവർ പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടു.

ഗാന്ധിജി, ഗോഡ്സെ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾ അതീവ ദുഃഖകരമാണ്. ഇത്തരം വാക്കുകൾ സംസ്കാരമുള്ള സമൂഹത്തിനു ചേർന്നതല്ല. ഈ കാര്യങ്ങൾ പറയുന്നവർ 100 വട്ടം ആലോചിക്കണം. അവർ മാപ്പു പറഞ്ഞുവെന്നത് മറ്റൊരു കാര്യമാണ്. എന്നാൽ ഹൃദയത്തിൽ തൊട്ട് അവരോട് ക്ഷമിക്കാൻ എനിക്കാകില്ല.– പ്രധാനമന്ത്രി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണെന്നും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പറഞ്ഞതിനോടു പ്രതികരിക്കവെയാണ് പ്രജ‌്ഞാ സിംഗ് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചത്.

എന്നാൽ പരാമർശം കോൺഗ്രസ് വിവാദമാക്കിയതോടെ, പ്രജ്ഞ മാപ്പ് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്ഞയെ തള്ളി ബി.ജെ.പിയും മോദിയും രംഗത്തെത്തിയത്.