ലണ്ടൻ : ഈ മാസം അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ചാമ്പ്യൻമാരെ കാത്തിരിക്കുന്നത് റെക്കാഡ് തുക. 4 മില്യൺ യു.എസ്.ഡോളറാണ് ( ഏകദേശം 28.04 കോടി ഇന്ത്യൻ രൂപ) കിരീടത്തിനൊപ്പം ചാമ്പ്യൻമാർക്ക് ലഭിക്കുക. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്രവും ഉയർന്ന സമ്മാനത്തുകയാണിത്.
ആകെ 10 മില്യൺ യു.എസ്. ഡോളറാണ് ( ഏകദേശം 70 കോടി 18 ലക്ഷം ഇന്ത്യൻ രൂപ) പത്ത് ടീമുകൾ ഉൾപ്പെട്ട 46 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സമ്മാനത്തുകയായി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്. റണ്ണറപ്പിന് 2 മില്യൺ യു.എസ്. ഡോളർ (14 കോടി 3 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ലഭിക്കും.
സെമി ഫൈനലിൽ തോറ്റ ടീമുകൾക്ക് 8,00000 ലക്ഷം യു.എസ്. ഡോളർ (5കോടി 61 ലക്ഷം രൂപ) വീതം ലഭിക്കും. മേയ് 30ന് തുടങ്ങുന്ന ടൂർണമെന്റിൽ ആദ്യ റണ്ട് റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള 32 വേദികളിലായാണ് മത്സരം നടക്കുക. ജൂലായ് 14ന് ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലണ്ടനിലെ ലോഡ്സിലാണ് ഫൈനൽ പോരാട്ടം. ആകെ 48 മത്സരങ്ങളാണ് ഇത്തവണയുള്ളത്.
2015ലെ ഏകദിന ലോകകപ്പിൽ ചാമ്പ്യൻമാരായ ആസ്ട്രേലിയയ്ക്ക് 3,975,000 യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണറപ്പായ ന്യൂസിലൻഡിന് 1750000 യു.എസ്.ഡോളർ സമ്മാനത്തുകയായി കിട്ടി.സെമി ഫൈനലിൽ തോറ്ര രണ്ട് ടീമുകൾക്കും 600,000 ലക്ഷം ഡോളർ വീതം ലഭിച്ചു. 2011ലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് കിട്ടിയത് 3 മില്യൺ യു.എസ്. ഡോളറാണ്.
ചാമ്പ്യൻമാർ : $ 4,000,000 ( 28.04 കോടി ഇന്ത്യൻ രൂപ)
റണ്ണറപ്പ്: $ 2,000,000 (14 കോടി 3 ലക്ഷം ഇന്ത്യൻ രൂപ)
സെമിഫൈനിലിൽ തോറ്രവർക്ക് (2): $800,000 (5കോടി 61 ലക്ഷം രൂപ) വീതം
ലീഗിലെ ഓരോ മത്സരത്തിലെയും വിജയികൾക്ക് (45): $ 40,000 (28 ലക്ഷം 8000 രൂപ) വീതം
ലീഗിൽ തോറ്റവർക്ക് (6): $ 100,000 (70ലക്ഷം 20000 രൂപ) വീതം
ആകെ സമ്മാനത്തുക: 10 മില്യൺ യു.എസ്. ഡോളർ (ഏകദേശം 70 കോടി 18 ലക്ഷം ഇന്ത്യൻ രൂപ)