കൊച്ചി: ആഗോളതലത്തിൽ ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് വീണിട്ടും ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത് വൻ നേട്ടത്തോടെ. കേന്ദ്രത്തിൽ തുടർഭരണം ഉണ്ടാകുമെന്ന വിലയിരുത്തലുകളാണ് നിക്ഷേപകർക്ക് ആവശമാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെയാണ്. നാളെ വൈകിട്ടോടെ പുറത്തുവരുന്ന എക്സിറ്റ് പോളുകളിൽ നിന്ന് 'സന്തോഷ വാർത്ത" മാത്രമാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നതത്.
ഏറെ ദിവസങ്ങളായി നഷ്ടത്തിന്റെ ട്രാക്കിലായിരുന്ന സെൻസെക്സ് 537 പോയിന്റ് മുന്നേറി 37,930ലും നിഫ്റ്റി 150 പോയിന്റുയർന്ന് 11,407ലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, ധനകാര്യം, റിയാൽറ്റി, വാഹനം, എഫ്.എം.സി.ജി ഓഹരികളിൽ ഇന്നലെ മികച്ച വാങ്ങൽ ട്രെൻഡ് ദൃശ്യമായി. എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും സംയുക്തമായി മാത്രം സെൻസെക്സിന്റെ കുതിപ്പിൽ 140 പോയിന്റ് സംഭാവന ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി., ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിനാൻസ് എന്നിവയാണ് മുന്നേറ്റിയ മറ്റ് പ്രമുഖ ഓഹരികൾ.
നേട്ടം ₹1.37 ലക്ഷം കോടി
ഇന്നലെ സെൻസെക്സിലെ നിക്ഷേപകർ കൊയ്ത നേട്ടം 1.37 ലക്ഷം കോടി രൂപയാണ്. സെൻസെക്സിന്റെ മൂല്യം 145.22 ലക്ഷം കോടി രൂപയിൽ നിന്ന് 146.58 ലക്ഷം കോടി രൂപയായി ഉയർന്നു.
എഫ്.ടി.എസ്.ഇയിൽ ഇടിവ്
ലണ്ടൻ ഓഹരി വിപണി (എഫ്.ടി.എസ്.ഇ) ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 29 പോയിന്റ് നഷ്ടവുമായി 7,324.44ൽ. കിഫ്ബി ഓഹരികളുടെ ലിസ്റ്റിംഗിന്റെ പശ്ചാത്തലത്തിൽ ഇന്നലെ എഫ്.ടി.എസ്.ഇ വ്യാപാരത്തിനായി തുറന്നു കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
രൂപയ്ക്ക് തളർച്ച
ക്രൂഡോയിൽ വിലക്കുതിപ്പിന്റെ പശ്ചാത്തലത്തിൽ രൂപ ഇന്നലെ ഡോളറിനെതിരെ വ്യാപാരം പൂർത്തിയാക്കിയത് 21 പൈസയുടെ നഷ്ടവുമായി 70.23ൽ.