ന്യൂഡൽഹി: ഇത്തവണ മൂന്നൂറിലധികം സീറ്റ് നേടി ബി. ജെ. പി അധികാരത്തിൽ തുടരുമെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സർക്കാർ രൂപീകരിച്ചാലും സമാന മനസുള്ള പാർട്ടികൾക്കായി വാതിൽ തുറന്നിടുമെന്നും ഷാ പറഞ്ഞു.
മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് അമിത് ഷാ സംസാരിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി 133- ഓളം പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. 'മേരെ ബൂത്ത് സബ്സെ മസ്ബൂത്ത്' കാമ്പെയിനിലൂടെ ഓരോ പാർട്ടി പ്രവർത്തകനിലും എത്താനായി. വിലക്കയറ്റം, അഴിമതി എന്നിവ പ്രചാരണത്തിൽ വിഷയമായില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അമിത് ഷാ നിശിതമായി വിമർശിച്ചു. ബി.ജെ.പി അക്രമം പടർത്തുന്നുവെന്നു പറയാൻ മമത ബാനർജിക്ക് എന്തു തെളിവാണ് ഉളത്? ഞങ്ങളുടെ 80 പ്രവർത്തകർ കൊല്ലപ്പെട്ടു. അതിന് എന്ത് ഉത്തരമാണ് മമതയ്ക്ക് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ഗാന്ധി ഘാതകനായ ഗോഡ്സയെ ദേശസ്നേഹിയെന്നു വിളിച്ച പ്രജ്ഞാ സിംഗ് താക്കൂറിനോട് പത്തു ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ചാൽ അച്ചടക്കസമിതി തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.