ജോധ്പുർ: രാജസ്ഥാനിൽ പീഡനക്കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് അശോക് ഗെലോട്ട് സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സർക്കാരും പൊലീസും പൂർണപരാജയമാണെന്ന് നോട്ടീസിൽ ജസ്റ്റിസുമാരായ സന്ദീപ് മേത്തയും വിനീത് മാഥൂരും ചൂണ്ടിക്കാട്ടി. ഭരത്പൂരിലും ഝാല്‍വാറിലും നടന്ന രണ്ട് സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാണ് കോടതിയുടെ നോട്ടീസ്. മേയ് 27നകം നോട്ടീസിന് സർക്കാർ മറുപടി നൽകണമെന്ന് ആവശ്പ്പെട്ടിട്ടുണ്ട്.
ആൾവാർ കൂട്ടപീഡനക്കേസിന് ശേഷം ലൈംഗിക പീഡനം സംബന്ധിച്ച നിരവധി കേസുകളാണ് രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകൾക്കെതിരെ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളുടെ പട്ടിക ബി.ജെ.പി അടുത്തിടെ ഗവർണർ കല്യാൺ സിംഗിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 12 കൂട്ടബലാത്സംഗങ്ങളും 20 പീഡനങ്ങളുമാണ് രാജസ്ഥാനിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. പീഡനത്തിൽ ഇരയായവരിൽ എട്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.