എം.പിമാരുടെ അടിസ്ഥാന ശമ്പളം: 1,00,000. അമ്പതിനായിരം ആയിരുന്ന പ്രതിമാസ ശമ്പളം ധനകാര്യ ബില്ല് വഴി പുതുക്കിയത് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ. പ്രതിമാസ പെൻഷൻ 20,000 രൂപയിൽ നിന്ന് 25,000 ആയും ഉയർത്തി. ശമ്പളത്തിനു പുറമേ പരിഷ്‌കരിച്ച നിരക്കനുസരിച്ച് എം.പിമാർക്ക് 45,000 രൂപ മുതൽ 70,000 രൂപ വരെ മണ്ഡല അലവൻസും, സെക്രട്ടറിമാരുടെ ചെലവിനായി 60,000 രൂപ വരെയും ലഭിക്കും.
ഇതിനൊപ്പം രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവർണർമാർ എന്നിവരുടെ ശമ്പളവും പുതുക്കി. അഞ്ചു ലക്ഷം രൂപയാണ് രാഷ്‌ട്രപതിയുടെ മാസശമ്പളം. ഉപരാഷ്‌ട്രപതിക്ക് നാല് ലക്ഷവും സംസ്ഥാന ഗവർണർമാർക്ക് 3.5 ലക്ഷവും. ഒന്നരലക്ഷം, യഥാക്രമം 1.25 ലക്ഷം, 1.1 ലക്ഷം എന്നിങ്ങനെയായിരുന്നു ഇവരുടെ പഴയ ശമ്പളം.
2018 ഒക്‌ടോബറിലെ കണക്കനുസരിച്ച് കഴിഞ്ഞ നാലു വർഷംകൊണ്ട് 1997 കോടി രൂപയാണ് നമ്മുടെ ലോക്‌സഭാ, രാജ്യസഭാ എം.പിമാർക്കായി ശമ്പളം- അലവൻസ് ഇനത്തിൽ ഖജനാവിൽ നിന്ന് ചെലവിട്ടത്. അതായത് നാലുവർഷം കൊണ്ട് ഓരോ ലോക്‌സഭാ എം.പിക്കും ശരാശരി 71.29 ലക്ഷം രൂപ വരുമാനമുണ്ടായി. രാജ്യസഭാ എം.പിക്കു കിട്ടിയത് 44.33 ലക്ഷം.
അഞ്ചു വർഷത്തിലൊരിക്കൽ എം.പിമാരുടെ ശമ്പളം സ്വാഭാവികമായിത്തന്നെ പരിഷ്‌കരിക്കപ്പെടുന്ന വിധമാണ് പുതിയ നിയമം. അടുത്ത ശമ്പളപരിഷ്‌കരണം 2023 ൽ.