തൃശൂർ: തൃശൂർ പൂരത്തിന് പോയിട്ടുണ്ടെന്നും അപ്പോൾ ദുരനുഭവം നേരിട്ടെന്നും നടി റിമ കല്ലിങ്കൽ. നേരത്തെ തൃശൂർ പൂരം ആണുങ്ങളുടെമാത്രം പൂരമാണെന്ന് പറഞ്ഞ റിമയുടെ വലിയ വിവാദമായിരുന്നു. പ്രസ്താവന വിവാദമായതിനെ തുടർന്ന് താരത്തിനെതിരെ സെെബർ ആക്രമണം നടന്നു. റിമ ഇതുവരെ പൂരം കണ്ടിട്ടിട്ടില്ലെന്നും അതുകൊണ്ടാണ് അവർ ഇങ്ങിനെ സംസാരിക്കുന്നതെന്നും നിരവധി പേർ പ്രതികരിച്ചിരുന്നു. എന്നാൽ അഭിമുഖത്തിന്റെ പൂർണരൂപമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
'പൂരം നേരിട്ട് കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വർഷവും പോകുമായിരുന്നു. എന്റെ അച്ഛൻ എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. അതിരാവിലത്തെ വെടിക്കെട്ട് ഗ്രൗണ്ടിൽ നിന്ന് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാഗരത്തിനു നടുവിൽനിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു. പോകുമ്പോള്‍ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവല്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിട്ട് കാണാൻ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേൾക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല’. റിമ പറഞ്ഞു.
‘ഞാനെപ്പോഴും പറയാറുണ്ട്, തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണിത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ. നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. ഇത് നമ്മള്‍ തീരുമാനിക്കണമല്ലോ ആദ്യം.’‘തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങൾ മാത്രം പോയിട്ടെന്ത് കാര്യം? എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവൻ പുരുഷന്മാരാണ്.’ റിമ വ്യക്തമാക്കി.