നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലവരുന്ന മൂന്നേകാൽ കിലോ സ്വർണം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. യാത്രക്കാരൻ മലപ്പുറം എളങ്കൂർ സ്വദേശി പറമ്പൻ വീട്ടിൽ മുഹമ്മദ് അഷറഫ്, സിയാലിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസി ബി.ഡബ്‌ളിയു.എഫ്.എസിലെ സൂപ്പർവൈസർ നെടുമ്പാശേരി കരിയാട് സ്വദേശി പോൾ ജോസഫ് എന്നിവർ പിടിയിലായി.
ഇന്നലെ പുലർച്ചെ മൂന്നിന് കൊച്ചിയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അഷറഫ്. ശു
ചിമുറിയിൽ വച്ച് പോൾ ജോസിന് സ്വർണം കൈമാറുന്നതിനിടെയാണ് പിടിയിലായത്. പോൾ ജോസഫ് മുഖേന പരിശോധനയില്ലാതെ സ്വർണം പുറത്തെത്തിക്കുകയായിരുന്നു കള്ളക്കടത്തുകാരുടെ ലക്ഷ്യം. ഡി.ആർ.ഐയും കസ്റ്റംസും ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു.
ചെറുതും വലുതുമായ ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ സ്വർണം ടോയ്ലറ്റിൽ വച്ച് പോൾ ജോസഫ് അരയിൽ തിരുകുന്നതിനിടെയാണ് കുടുങ്ങിയത്. രണ്ടു മാസം മുമ്പ് സമാനമായ സാഹചര്യത്തിൽ നെടുമ്പാശേരിയിലെ കസ്റ്റംസ് ഇൻസ്‌പെക്ടറെ ഡി.ആർ.ഐ പിടികൂടിയിരുന്നു.
ഡ്യൂട്ടി ഇല്ലാതിരുന്ന ദിവസം ബന്ധുവിനെ സ്വീകരിക്കാനെന്ന വ്യാജ്യേന വിമാനത്താവളത്തിലെത്തിയാണ് ഇയാൾ കള്ളകടത്തുകാരുടെ ഇടനിലക്കാരനായത്.
ബി.ഡബ്‌ളിയു.എഫ്.എഫിനെ കരിമ്പട്ടികയിൽ പെടുത്തണം:
സ്വർണ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്ന ബി.ഡബ്‌ളിയു.എഫ്.എഫിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടേക്കും. നേരത്തെ മുതൽ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ കള്ളക്കടത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിലെ ചിലരുടെ ഒത്താശയുണ്ടെന്ന് ആക്ഷേപം ഉണ്ടായിരുന്നു.