green-card

വാഷിംഗ്ടൺ: യോഗ്യത അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നയവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കയിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ നീക്കം. ഇന്ത്യാക്കാരായ പ്രൊഫണലുകൾക്കാണ് ഇതിലൂടെ ഏറ്റവും പ്രയോജനം ലഭിക്കുക. വൈദഗ്ദ്ധ്യ തൊഴിലുകൾ ചെയ്യുന്ന വിദേശികൾക്ക് യു.എസിൽ സ്ഥിരജോലി, അതിലൂടെയുള്ള നിയമപരമായ കുടിയേറ്റം എന്നിവയ്ക്ക് സഹായിക്കുന്ന സംവിധാനമാണ് ഗ്രീൻ കാർഡ്. കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ഇംഗ്ലിഷ് നൈപുണ്യം ഉറപ്പാക്കാനും പൗരബോധം സംബന്ധിച്ച പരീക്ഷ പാസാകുന്നതും പരിഷ്കരിച്ച കുടിയേറ്റ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

അതേസമയം, പ്രതിപക്ഷമായ ഡമോക്രാറ്റുകളുമായുള്ള ട്രംപിന്റെ എതിർപ്പ് കാരണം, കുടിയേറ്റ നയങ്ങളിലുള്ള പുതിയ നീക്കങ്ങൾക്ക് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം ഉടൻ ലഭിക്കാൻ ഇടയില്ലെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. 54 വർഷം മുമ്പാണ് അവസാനമായി അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ കാര്യമായ പരിഷ്കരണങ്ങൾ വന്നത്. പ്രായം, അറിവ്, ജോലി സാദ്ധ്യതകൾ, പൗരബോധം തുടങ്ങിയവ അടിസ്ഥാനമാക്കി നിയമപരമായ സ്ഥിരതാമസ അവസരമാണ് നൽകേണ്ടതെന്നാണ് കുടിയേറ്റനയത്തിൽ ട്രംപ് മുന്നോട്ട് വയ്ക്കുന്ന നിലപാട്.