postal-ballot-

തിരുവനന്തപുരം: പോസ്റ്റൽ വോട്ടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡി.ജി.പിക്ക് കത്തയച്ചു. പോസ്റ്റൽ ബാലറ്റിലെ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് മീണ ഡി.ജി.പി ലോക്‌നാത് ബെഹ്റയ്ക്ക് കത്തയച്ചത്. ജനങ്ങൾ ഭയരഹിതമായി വോട്ട് ചെയ്തുവെന്ന വിശ്വാസം നിലനിറുത്തേണ്ടതിനാൽ പോസ്റ്റൽ ബാലറ്റിനെക്കുറിച്ച് സമഗ്രമായ അന്വേഷണം മീണ കത്തിൽ ആവശ്യപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാട്‌സാപ്പ് സന്ദേശം മാത്രം ഉപയോഗിച്ചുള്ള അന്വേഷണത്തിൽ അദ്ദേഹം അതൃപ്തിരേഖപ്പെടുത്തി. വിതരണം ചെയ്ത എല്ലാ പോസ്റ്റൽ ബാലറ്റിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനിലേക്ക് മാത്രമാണ് അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റൽ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നത്.വിതരണം ചെയ്ത എല്ലാ പോസ്റ്റൽ വോട്ടുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഡി.ജി.പി.ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഈ മാസം 15 വരെ സമയം നൽകിയിട്ടുണ്ട്. അതേ സമയം കൂടുതൽ വിശദമായ അന്വേണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഡി.ജി.പി.യുടെ സഹായത്തോടെ മറ്റൊരു റിപ്പോർട്ടും മീണക്ക് നല്‍കി. ഇത്രയധികം പോസ്റ്റൽ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനായി കൂടുതൽ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.