tamasha

വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രം ‘തമാശ’യുടെ ടീസർ എത്തി. പ്രേക്ഷകരെ ചിരിപ്പിച്ച പ്രേമത്തിലെ വിമൽസാർ എന്ന കഥാപാത്രത്തിന് ശേഷം കോളേജ് അദ്ധ്യാപകനായി വിനയ് ഫോർട്ട് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളജ് അദ്ധ്യാപകനായി വിനയ് ഫോർട്ട് എത്തുന്ന ടീസർ സോഷ്യൽ മീഡിയ വരവേറ്റുകഴിഞ്ഞു.

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് തമാശ. സംവിധായകരായ സമീർ താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ,​ നടൻ ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് നിർമാണ പങ്കാളികൾ.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമീർ താഹിറാണ് ഛായാഗ്രഹണം. റെക്‌സ് വിജയനും ഷഹബാസ് അമനുമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരിയാണ് ഗാനരചന. എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി.