kashmir-

ശ്രീനഗർ: വോട്ടെണ്ണൽ ദിവസമായ മേയ് 23ന് കാശ്മീരിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ 23ന് രാജ്യത്ത് ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ട്.

കാശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ വ്യാഴാഴ്ച കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തിൽ നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം സുരക്ഷാഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തിലെ ഭൂപടവും രേഖകളും സൂചിപ്പിക്കുന്നത് ആക്രമണത്തിനുള്ള സാദ്ധ്യത ശ്രീനഗറിലോ അവന്തിപോറയിലോ ആയിരിക്കാമെന്നാണ്.

മേയ് 14ന് പുൽവാമയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് റിയാസ് നായ്കൂവും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരും ലഷ്കറെ തൊയ്ബ ഭീകരനായ റിയാസ് ധറും നടത്തിയ രഹസ്യകൂടിക്കാഴ്ചയിൽ ഇന്ത്യയില്‍ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവന്തിപോറയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഭീകരൻ റിസ്വാൻ ആസാദിന്റെ മരണത്തിന് പ്രതികാരംചെയ്യുക എന്നതും ഭീകരരുടെ ലക്ഷ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അവന്തിപോറയിലെ ദേശീയപാതയിലോ ജില്ലാ പൊലീസ് ആസ്ഥാനത്തോ ആക്രമണം ഉണ്ടായേക്കാം. ജമ്മു കാശ്മീർ പൊലീസും സി. ആർ.പി.എഫും ചേർന്ന് നടത്തിയ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ വധിച്ചിരുന്നു,. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.