ന്യൂഡൽഹി: സ്വിറ്റ്സർലാന്റിൽ നിന്നുള്ള കള്ളപ്പണത്തിന്റെ വിവരങ്ങളും കേസുകളും സംബന്ധിച്ച് വിശദാംശങ്ങൾ പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രം. വാർത്താ ഏജൻസിയായ പി.ടി.ഐ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറയിച്ചത്. എന്നാൽ ഇന്ത്യയും സ്വിറ്റ്സർലാന്റും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കെെമാറിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്നും പുറത്ത് വിടാനാകില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. കള്ളപ്പണത്തിനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചും അപേക്ഷയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. 2017 ഡിസംബറിൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ കെെമാറാൻ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കള്ളപ്പണത്തിന്റെ വിവരങ്ങളും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.
സ്വിറ്റ്സർലാന്റിൽ നിന്ന് ലഭിച്ച കള്ളപ്പണക്കേസുകളും ഒപ്പം വ്യക്തികളുടെയും കമ്പനികളുടെ വിവരങ്ങളും പി.ടി.എയുടെ അപേക്ഷയിൽ ചോദിച്ചിരുന്നു. ഫ്രാൻസിൽ നിന്ന് നടപടിയെടുക്കേണ്ട 427 എച്ച്.എസ്.ബി.സി ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടുന്ന വിവരങ്ങളെക്കുറിച്ചും മറുപടിയിൽ ലഭിച്ചു. 8,465 കോടി രൂപയാണ് അനധികൃതമായി നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.