മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടൻ ജോജു ജോർജ്. ജോജു നായകനായി അഭിനയിച്ച 'ജോസഫ്' എന്ന ചിത്രത്തിന്റെ 125-ാം ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് താരം ഇത് പങ്കുവെച്ചത്. വിനയൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'ദാദാ സാഹിബി'ലാണ് ആദ്യമായി ഡയലോഗ് പറയാനുള്ളൊരു വേഷം തനിക്ക് ലഭിച്ചതെന്ന് ജോജു പറയുന്നു. ആ സിനിമയുടെ സെറ്റിൽ നടന്ന സംഭവമാണ് ജോജു വെളിപ്പെടുത്തിയത്.
’99-ലാണ് ഞാൻ ആദ്യമായി സിനിമയിൽ ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയിലായിരുന്നു അത്. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാൻ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റിൽപിടിച്ച് തള്ളി മാറ്റുന്നൊരു രംഗത്തിലുമാണ്. സീൻ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോൾ വിനയൻ സാർ ചോദിച്ചു ‘എന്തെങ്കിലും പറ്റിയോന്ന്?’. മമ്മൂക്ക ഷർട്ട് പൊക്കി നോക്കിയപ്പോൾ, വയറ്റിൽ ഞാൻ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുകയായിരുന്നു. എന്റെ ആത്മാർത്ഥത മുഴുവൻ ഞാൻ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്. ആ പാട് കണ്ടപ്പോൾ എന്റെ കാര്യം ഇതോടെ തീർന്നു എന്നാണ് വിചാരിച്ചത്. എന്നാൽ എന്റെ മുഖത്ത് നോക്കി മമ്മൂക്ക ചിരിക്കുകയാണ് ചെയ്തത്. അവിടുന്നങ്ങോട്ട് എത്രയോ വേഷങ്ങളിൽ അദ്ദേഹം എന്നെ കൂടെക്കൂട്ടി. രാജാധിരാജ ഉൾപ്പടെ. ജോജു പറഞ്ഞു.