തിരുവനന്തപുരം: കലിതുള്ളിയ കടൽ കിടപ്പാടവും സ്വത്തുക്കളും കവർന്നെടുത്ത മത്സ്യത്തൊഴിലാളികൾക്ക് മുട്ടത്തറയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകിയ വകയിലുണ്ടായിരുന്ന കടം സർക്കാർ വീട്ടി. മുട്ടത്തറയിലെ 35 ഏക്കർ സ്ഥലത്ത് 192 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചതിന് കടമുണ്ടായിരുന്ന 6.20 കോടിയാണ് അനുവദിച്ചത്. 450 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകാനുള്ള പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് പൂർത്തിയായത്. കടം തീർന്നതോടെ ഭൂരഹിതരായ മത്സ്യത്തൊഴിലാളികളുടെ ഭവനനിർമ്മാണ പദ്ധതി വീണ്ടും സജീവമാകും. ഈ സാമ്പത്തികവർഷം മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 180 കോടി ബഡ്ജറ്റ് വിഹിതമാണുള്ളത്.
ഒമ്പതു മാസം കൊണ്ട് റെക്കാഡ് വേഗത്തിലാണ് കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മുട്ടത്തറ ഫിഷർമെൻ റസിഡൻഷ്യൽ കോളനിയിൽ 192 ഫ്ലാറ്റുകൾ പണിതീർത്തത്. 'സ്വന്തം ഭൂമിയിൽ സ്വന്തം വീട്' എന്ന മത്സ്യത്തൊഴിലാളികളുടെ സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. എട്ട് ഫ്ലാറ്റുകൾ വീതമുള്ള 24 ബ്ലോക്കുകളാണ് പൂർത്തിയായത്. 192 കുടുംബങ്ങൾക്ക് താമസസൗകര്യം സജ്ജമാക്കി. മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കാൻ 48.75 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതിയുണ്ടായിരുന്നത്. ആദ്യഘട്ടത്തിന് 17.937 കോടിയായിരുന്നു അടങ്കൽ തുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുമായുള്ള കരാർ 17,75,45,272 രൂപയുടേതാണ്. പദ്ധതി പ്രവർത്തനങ്ങൾക്കായി മൊബിലൈസേഷൻ അഡ്വാൻസായി 3.63 കോടി നൽകി. ഫ്ലാറ്റ് നിർമ്മാണത്തിനായി 9.19 കോടി തീരദേശ വികസന കോർപറേഷന് സർക്കാർ അനുവദിച്ചിരുന്നു.
ഇതിൽ ഊരാളുങ്കലിന് 8.56 കോടി, തീരദേശ വികസന കോർപറേഷന്റെ കൺസൾട്ടൻസി ചാർജായ 52,89,726 രൂപ, 18 ശതമാനം ജി.എസ്.ടിയായി 9,52,151 രൂപ എന്നിവ നൽകി. ശേഷിച്ച 6.20 കോടിയാണ് ഇപ്പോൾ അനുവദിച്ചത്. തീരദേശ വികസന കോർപറേഷന്റെ ബില്ലുകൾ പ്രകാരം 5.64 കോടി, കൺസൾട്ടൻസി ചാർജായി 41.09 ലക്ഷം, വൈദ്യുതി ചാർജിനത്തിൽ 15,34,731 രൂപയും ചേർത്താണ് 6.20 കോടി നൽകിയത്. ഈ തുക മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള 180 കോടി ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് അനുവദിച്ച് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. 540 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് മുട്ടത്തറയിലെ ഫ്ലാറ്റുകൾ. ഒരു ഹാൾ, രണ്ട് കിടപ്പുമുറികൾ, ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് എന്നിവയുണ്ട്. കക്കൂസ് മാലിന്യമടക്കം മുട്ടത്തറ സ്വിവറേജ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് മാറ്റും. മലിനജല ശുചീകരണത്തിന് 25,000 ലിറ്റർ ശേഷയുള്ള സെപ്റ്റിക് ടാങ്കുകളുണ്ട്. വലിയതുറ, ചെറിയതുറ, വലിയതോപ്പ്, ചെറിയതോപ്പ് എന്നീ തീരദേശ വില്ലേജുകളിൽ നിന്നുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ബീമാപള്ളി മേഖലയിലുള്ളവർക്ക് ഫ്ലാറ്റ് സമുച്ചയം പണിയാൻ സ്ഥലം കണ്ടെത്തുന്നുണ്ട്. അവിടെ കടലാക്രമണം കാരണം വീട് നഷ്ടപ്പെട്ട നാല് വില്ലേജുകളിലുള്ളവർക്കാണ് ഭവനസമുച്ചയം പണിയേണ്ടത്. മുട്ടത്തറ സ്വിവറേജ് ഫാമിനടുത്ത് മൂന്നരയേക്കർ സ്ഥലം കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഫ്ലാറ്റ് സമുച്ചയത്തിനായി അനുവദിച്ചിരുന്നു. ഇത് ഫ്ലാറ്റിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി പദ്ധതി മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. മുട്ടത്തറ മാതൃകയിൽ കാരോട് ഫ്ളാറ്റ് പദ്ധതിക്ക് രണ്ടര ഏക്കർ ഭൂമിയിൽ 128 ഫ്ളാറ്റ് നിർമിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിമലത്തുറയിലും ഇക്കൊല്ലം തന്നെ ഫ്ലാറ്റ് നിർമാണം തുടങ്ങും. പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലും ഭവനസമുച്ചയത്തിന് ഉടൻ സ്ഥലം കണ്ടെത്തും.
അടിസ്ഥാനസൗകര്യം വികസിക്കും
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് രണ്ടരകോടി രൂപ അധികമായി ചെലവഴിക്കും. 500 പേർക്ക് ഇരിക്കാവുന്ന കമ്മ്യൂണിറ്റി ഹാൾ, കുറഞ്ഞ ചെലവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന മാവേലി സ്റ്റോർ, കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾക്കായുള്ള അംഗൻവാടി, റോഡ് നിർമ്മാണം, വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം, കളിസ്ഥലം, കുടിവെള്ളം, സാനിറ്റേഷൻ വർക്കുകൾ, ചുറ്റുമതിൽ, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകൾ, ലൈബ്രറി സംവിധാനം എന്നിവയ്ക്കായാണ് രണ്ടരകോടി രൂപ ചെലവിടുന്നത്.