തിരുവനന്തപുരം : നഗരസഭയുടെ വ്യാജരേഖ ചമച്ച് നിലം നികത്തി കെട്ടിട നിർമ്മാണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നു. നഗരസഭയും സ്ഥലം ഉടമയും മണ്ണന്തല പൊലീസിൽ പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് പൊലീസിന് വിവരമില്ല. കൊച്ചി ചൂർണിക്കരയിലേതിന് സമാനമായ കേസിൽ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷേപം.
കുടപ്പന്നക്കുന്ന് സോണൽ പരിധിയിലെ കിണവൂർ വാർഡിൽ മുണ്ടൈക്കോണത്ത് എട്ട് സെന്റ് സ്ഥലമാണ് 4600 സ്ക്വയർഫീറ്റ് വീട് പണിയാനായി നികത്തിയത്. വീട് നിർമ്മാണത്തിന് അടങ്കൽ ഏറ്റെടുത്ത കോൺട്രാക്ടറാണ് വയൽ നികത്തി നിർമ്മാണം നടത്തിയത്. നഗരസഭയുടെ കെട്ടിടനിർമ്മാണ അനുമതി വ്യാജമായി നിർമ്മിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തുവന്നതോടെ നഗരസഭ അധികൃതരെത്തി നിർമ്മാണം നിറുത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നിൽ വൻതട്ടിപ്പ് നടന്നതായി ബോദ്ധ്യമായത്. ഉടമസ്ഥൻ പൊലീസിനെ സമീപിക്കുകയും ചെയ്തു. നഗരസഭ ഉദ്യോഗസ്ഥരുടെ വ്യാജ സീലും ഒപ്പുമാണ് നിർമ്മിച്ചതെന്ന് വ്യക്തമായതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി മേയർ വി.കെ. പ്രശാന്തും പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട് പണി അടങ്കൽ നൽകിയ കോൺട്രാക്ടർ പറ്റിച്ചെന്നാണ് ഉടമസ്ഥന്റെ പരാതി. ആകെ 32 ലക്ഷം ഇതിനോടകം കോൺട്രാക്ടർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. കെട്ടിടനിർമ്മാണ പെർമിറ്റ് വാങ്ങി നൽകിയത് ഉൾപ്പെടെ കോൺട്രാക്ടറാണ്. അന്വേഷിച്ചപ്പോൾ കെട്ടിടനിർമ്മാണ പെർമിറ്റിനായി ഇത്തരമൊരു ഫയൽ നഗരസഭയിൽ തുറന്നിട്ടില്ലെന്നും വ്യക്തമായി. ഈ വസ്തുവിന് സമീപത്ത് 1200 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ നഗരസഭ നൽകിയ അനുമതി നമ്പരാണ് വ്യാജ പെർമിറ്റിലുമുള്ളതെന്നും കണ്ടെത്തി. കൃത്രിമ പെർമിറ്റ് നൽകാൻ അഞ്ജുവെന്ന പേരിൽ അസിസ്റ്റന്റ് എൻജിനിയറുടെ സീലും ശശിധരൻ എന്ന പേരിൽ ഓവർസിയറുടെ ഒപ്പുമാണ് ഉപയോഗിച്ചത്. ഇരുവരും തിരുവനന്തപുരം നഗരസഭയിൽ ജോലി നോക്കുന്നില്ല. പാളയത്തെ അംഗീകൃത ബിൽഡിംഗ് ഡിസൈനറുടെ സീലും തട്ടിപ്പ് സംഘം വ്യാജമായി ഉണ്ടാക്കിയിരുന്നു. ഇതോടെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷനും നഗരസഭയ്ക്ക് പരാതിയുമായി രംഗത്തെത്തി.
ഉദ്യോഗസ്ഥരും സംശയ നിഴലിൽ
വ്യാജരേഖചമച്ച് നിലം നികത്താൻ ചില ഉദ്യോഗസ്ഥർ ഒത്താശചെയ്തതായി നഗരസഭാ അധികൃതർ സംശയിക്കുന്നു. സുതാര്യമായ അന്വേഷണം നടന്നാൽ ഉദ്യോഗസ്ഥതലത്തിലെ ഒത്തുകളിയും പുറത്തുവരും. അന്വേഷണം അട്ടിമറിക്കാൻ ഇക്കൂട്ടരുടെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നുവെന്നാണ് വിവരം.
പരാതികൾ ഇങ്ങനെ
2015- 16ൽ നഗരത്തിൽ സമാന തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തു
പാങ്ങോട്, പൂജപ്പുര, മുടവൻമുകൾ എന്നിവിടങ്ങളിലായിരുന്നു വ്യാജപെർമിറ്റ് കണ്ടെത്തിയത്
നഗരസഭയ്ക്കും വിജിലൻസിനും പരാതി നൽകി
പരാതികൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇതോടെ അന്വേഷണവും നിലച്ചു
സമാനമായ പരാതികൾ നേരത്തേ ഉയർന്നിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല. എല്ലാ പരാതികളും പൊലീസിന് കൈമാറുന്നതോടെ അന്വേഷണം അവസാനിക്കുകയാണ് പതിവ്. - കവടിയാർ ഹരികുമാർ (പ്രസിഡന്റ്, കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ)
അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനോടകം നിരവധിപേരുടെ മൊഴിയെടുത്തു കഴിഞ്ഞു. - ജയകുമാർ എസ്.ഐ, മണ്ണന്തല