തിരുവനന്തപുരം: നിറങ്ങൾ ചാലിച്ച് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഗുരുവിന് ശിഷ്യർ സ്നേഹത്തിന്റെ വർണം ചാർത്തി നൽകിയ ഗുരുദക്ഷിണ; ഇങ്ങനെ വിശേഷിപ്പിക്കാം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന 'ദത്തം"എന്ന ചിത്രപ്രദർശനത്തെ. പ്രശസ്ത ചിത്രകാരനായ ബി.ഡി. ദത്തന്റെ ആറ് ശിഷ്യർ ചേർന്നാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ബിന്ദു ഗോപിനാഥ്, ഡോ. കെ. ഗോമതി, ഹരീന്ദ്രനാഥ്, സുമിത സുശീലൻ, ടോമിന മേരി ജോസ്, വിജി .ബി എന്നിവരുടെ 55 ഓളം ചിത്രങ്ങളാണ് ഇവിടെയുള്ളത്.
നിത്യജീവിതത്തിൽ എവിടെയൊക്കെയോ കണ്ട കാഴ്ചകളാണ് ഇവർ നിറങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഹരിദ്വാറിൽ താൻ കണ്ട കാഴ്ചകളാണ് ബിന്ദു ഗോപിനാഥിന്റെ ചിത്രങ്ങളുടെ പ്രമേയം. സന്ധ്യയായാൽ ഹരിദ്വാറിൽ പിന്നെ നിറങ്ങളുടെ സമ്മേളനമാണ്. ആ വൈദ്യുതി അലങ്കാരങ്ങളുടെ പ്രതിബിംബങ്ങൾ ഗംഗയിൽ പ്രതിഫലിച്ച് ഗംഗയ്ക്കും നഗരത്തിലും ഒരേ നിറമാകും. അന്ന് കണ്ട കാഴ്ചകളാണ് മനസിൽ സൂക്ഷിച്ച് വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്തത്- അഭിഭാഷകയും തിരക്കഥാകൃത്തും കൂടിയായ ബിന്ദു പറയുന്നു. കൂട്ടത്തിൽ ഏറ്റവും സീനിയർ ആണ് ഡോ. കെ. ഗോമതി. താൻ കണ്ടിട്ടുള്ള മനുഷ്യരുടെ ജീവിതത്തെയാണ്
ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ കൂടിയായിരുന്ന ഇവർ പകർത്തുന്നത്. ഭാഷാ ഇൻസ്റ്രിറ്റ്യൂട്ടിൽ ടെക്നിക്കൽ സയൻസ് വിഭാഗത്തിൽ എഡിറ്റർ കൂടിയായ ഹരീന്ദ്രനാഥിന്റെ ചിത്രങ്ങൾ പ്രകൃതിയുടെ നിഗൂഢ സൗന്ദര്യത്തെ തനിമ ചോരാതെ വരച്ച് വയ്ക്കുന്നു.
മനുഷ്യൻ പ്രകൃതിയുടെ ഭാഗം തന്നെയാണെന്ന് പ്രഘോഷിക്കുന്ന ചിത്രങ്ങളാണ് സുമിത സുശീലന്റേത്. സ്വന്തം ജീവിതത്തിൽ ഭൂമിയുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്പിന് പ്രാധാന്യം കൊടുക്കുന്ന സുമിതയുടെ കാൻവാസിൽ വിരിഞ്ഞതിലധികവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ്. ഇൗ ആശയം വ്യക്തമാക്കുന്ന ഒരു ചിത്രം സുമിത വരച്ചത് ഏഴ് വർഷംകൊണ്ടാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യന്റെ നിലനില്പ് എന്ന സത്യം ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് പറയുന്നു ഇവർ. കണ്ട് പഴകിയ ബുദ്ധ രൂപത്തിൽ നിന്ന് ഒരു മാറ്രം വേണമെന്ന ആഗ്രഹമാണ് ടോമിന മേരി ജോസ് 'ബുദ്ധൻ ചിരിക്കുന്നു"എന്ന ആശയത്തെ അടിസ്ഥാനമാക്കി വരച്ച ചിത്രം. പൊക്രാനിലെ ഭൂപടം കൂടി ഉൾപ്പെടുത്തിയതാണ് ചിത്രം. കൽക്കട്ടയുടെ ഭൂപടം പശ്ചാത്തലമാക്കി വരച്ച മദർ തെരേസയുടെ ചിത്രമാണ് മറ്രൊരു ആകർഷണം. കൂട്ടത്തിൽ ചിത്രകലയിൽ ഏറ്റവും ജൂനിയർ ആണ് വിജി .ബി. മുഖങ്ങളിൽ വിരിയുന്ന ഇമോഷനുകളാണ് ആർക്കിടെക്ട് കൂടിയായ വിജിയുടെ ചിത്രത്തിന്റെ പ്രത്യേകത.
ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഇവർ ചിത്രകല പഠിക്കാൻ ഇന്നും സമയം കണ്ടെത്തുന്നു. ആ കലയോടുള്ള സ്നേഹമാണ് വിവിധ സ്ഥലങ്ങളിൽ വിവിധ ജോലികളിൽ വ്യാപൃതരായ ഇവരെ ഒന്നിപ്പിച്ചത്. ചിത്രകല പഠിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും എല്ലാ വെള്ളിയാഴ്ചയും ഫ്രൈഡേ പെയിന്റേഴ്സ് എന്ന പേരിൽ ജവഹർ നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. ചെറുപ്പത്തിൽ വരയെ സ്നേഹിക്കുകയും വളർന്നപ്പോൾ ജീവിതം പലവഴിക്ക് തിരിച്ച് വിടേണ്ടിവരികയും ചെയ്തവരാണ് ഇവരിൽ പലരും. എന്നാൽ ഇപ്പോഴും കൂടെക്കൂട്ടുന്നുമുണ്ട് തങ്ങളുടെ വരയെ ഇവർ. ആസ്വാദകരിൽ നിന്ന് നല്ല പ്രതികരണമാണ് പ്രദർശനത്തിന് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. പല ചിത്രങ്ങളും വിറ്റുപോയി. 15ന് ആരംഭിച്ച പ്രദർശനം 22ന് അവസാനിക്കും.