അൻപത്തിയേഴാം വയസിൽ നടനവേദിയിൽ ആസ്വാദകമനം കവരാനൊരുങ്ങി ഗായത്രിതിരുവനന്തപുരം: സ്വന്തം കഴിവിൽ തികഞ്ഞ വിശ്വാസമുണ്ടെങ്കിൽ പ്രായം ഒന്നിനും ഒരു തടസമല്ലെന്നും ഇഷ്ടമുള്ള കാര്യങ്ങളൊന്നും പ്രായത്തിന്റെ പേരിൽ മാറ്റി വയ്ക്കേണ്ടതുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഭരതനാട്യ നർത്തകി ഗായത്രി .വി. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ 26 വർഷം മുമ്പ് ഉപേക്ഷിച്ച നൃത്തത്തെ തന്റെ അൻപത്തിരണ്ടാം വയസിൽ വീണ്ടും മാറോട് ചേർത്ത് നടനവേദിയിൽ ആസ്വാദകമനം നിറയ്ക്കാനൊരുങ്ങുകയാണ് പേട്ട പാറ്റൂർ ഇ.എം.എസ് നഗറിലെ താമസക്കാരി ഗായത്രി എന്ന അൻപത്തിയേഴുകാരി റിട്ട. അദ്ധ്യാപിക.
ഹരിപ്പാട് നങ്ങ്യാർകുളങ്ങരക്കാരി ഗായത്രി ഒൻപതാം വയസിലാണ് നൃത്തത്തിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. അതും തന്റെ സ്കൂൾ അദ്ധ്യാപകരായ രാധാമണിയുടെയും ലളിതാ ഭദ്രന്റെയും കൈപിടിച്ച്. ഭരതനാട്യത്തിലെത്തുന്നത് 14-ാം വയസിലും. അതും കിലോമീറ്ററോളം സഞ്ചരിച്ച് ഹരിപ്പാട് നിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത് ജി.പി. ജനാർദ്ദനൻ മാസ്റ്ററുടെ ശിക്ഷണത്തിൽ. ശേഷം കോളേജ് വിദ്യാഭ്യാസത്തിനായി കൊല്ലത്തെ ടി.കെ.എം എൻജിനിയറിംഗ് കോളേജിലെത്തിയതോടെ നൃത്ത പഠനവും സുഗമമായി തുടർന്നു. വിവാഹത്തോടെ തലസ്ഥാനത്തെത്തിയ ഗായത്രി ഗുരു മൈഥിലിയുടെ ശിഷ്യയായി. ഒപ്പം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അതിനിടെയാണ് ദൂരദർശൻ മലയാളം സംപ്രേഷണം ആരംഭിക്കുന്നത്. അങ്ങനെ ആദ്യകാല അവതാരകരിൽ ഒരാളുമായി ഗായത്രി. ഒപ്പം അഭിനയത്തിലും ഒരു കൈ പരീക്ഷിച്ചു. എന്നാൽ ശേഷം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ തന്നെ അദ്ധ്യാപികയായി ജോലി നേടിയതോടെ നൃത്തം പാതിവഴിയിൽ അവസാനിപ്പിച്ചു.
എന്നാൽ 52-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചതോടെ നൃത്തത്തിൽ വീണ്ടും അരങ്ങേറ്റം കുറിച്ചു. അഞ്ച് വർഷത്തിനിടെ മുപ്പത്തിയഞ്ചോളം വേദികളിൽ മികവ് തെളിയിക്കുകയും ചെയ്തു. നീണ്ട ഇവേളയ്ക്ക് ശേഷം നൃത്തത്തിലേക്കുള്ള തിരിച്ച് വരവ് അത്ര എളുപ്പമായിരുന്നില്ലെന്ന് ഗായത്രി പറയുന്നു. ശരീരത്തെ പഴയപോലെ വഴക്കിയെടുക്കാൻ നന്നെ കഷ്ടപ്പെട്ടു. എന്നാൽ അദ്ധ്യാപിക മൈഥിലിയുടെ ക്ലാസുകളും മക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും കിട്ടിയതോടെ മനഃസാന്നിദ്ധ്യത്തിന് മുന്നിൽ കാര്യങ്ങൾ വളരെ എളുപ്പമായി. സോഫ്റ്റ്വെയർ എൻജിനിയറായ ഉണ്ണിമായയും യഥുകൃഷ്ണനുമാണ് മക്കൾ. അനീഷ് കുമാറാണ് മരുമകൻ. നിരഞ്ജൻ ചെറുമകനുമാണ്.
ആഗ്രഹങ്ങൾ കൈപ്പിടിയിലൊതുക്കാൻ പ്രായമൊരു തടസമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കാനൊരുങ്ങുകയാണ് നാളെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കാൻ പോകുന്ന സോളോ പെർഫോമൻസിലൂടെ ഗായത്രി. വൈകിട്ട് 7നാണ് പരിപാടി.