തിരുവനന്തപുരം: കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭ തയ്യാറാക്കിയ പദ്ധതി രണ്ട് വർഷമായിട്ടും എങ്ങുമെത്താതെ ഇഴയുന്നു. വഴിയോര കച്ചവടക്കാർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2014ൽ നിലവിൽ വന്ന നിയമം (പ്രൊട്ടക്ഷൻ ഒഫ് ലൈഫ്ലിഹുഡ് ആൻഡ് റെഗുലേഷൻ ഒഫ് സ്ട്രീറ്റ് വെൻഡിംഗ്) പ്രകാരം തലസ്ഥാനത്തെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി 2017ൽ നടപ്പിലാക്കിയ പദ്ധതിയാണ് പാതി വഴിയിൽ നിലച്ചത്. ദേശീയ നഗര ഉപജീവന മിഷൻ കേന്ദ്രത്തിൽ ഇതിന് സഹായഹസ്തമേകിയപ്പോൾ കേരളത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീ മിഷനായിരുന്നു.
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ തട്ടുകടകൾക്ക് ഒരു ബ്രാൻഡ്, തൊഴിലാളികൾക്ക് ഒരേ വേഷം, ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ നീണ്ടുപോയ മോഹനവാഗ്ദാനങ്ങൾ ഒരുപാടുണ്ടായി. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ വഴിയോര കച്ചവടക്കാരുടെ പ്രാഥമിക സർവേ 2017ൽ പൂർത്തിയാക്കി. 1800 തെരുവ് കച്ചവടക്കാർ ഉണ്ടെന്നാണ് സർവേ ഫലം. ഇതിൽ 60 ശതമാനം പേരും ഭക്ഷ്യ വസ്തുക്കളാണ് കച്ചവടം ചെയ്യുന്നത്. ഭക്ഷ്യ വിപണനത്തിൽ പാലിക്കേണ്ട ശുചിത്വത്തെ പറ്റി ഇവർക്ക് പ്രത്യേകം പരിശീലനവും നൽകുമെന്ന് അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയ കമ്മിറ്റി പ്രകാരം 450 പേർക്ക് തിരിച്ചറിയൽ കാർഡും രണ്ട് വർഷം മുമ്പ് നൽകി. അതോടെ പദ്ധതിക്ക് ദീർഘവിരാമമിട്ടു. മേയറുടെ അദ്ധ്യക്ഷതയിൽ വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ മാസവും മീറ്റിംഗ് കൂടണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ രണ്ട് വർഷത്തിനിടെ മൂന്ന് പ്രാവശ്യം മാത്രമാണ് മീറ്റിംഗുണ്ടായത്. അതിൽ ഒരിക്കൽ മാത്രമാണ് മേയർ അദ്ധ്യക്ഷനായതെന്നും വഴിയോര കച്ചവടക്കാരുടെ കൂട്ടായ്മ പറയുന്നു.
ലൈസൻസ് അനുവദിക്കുന്നതോടെ തെരുവ് കച്ചവടം അവകാശമാവും. എന്നാൽ മേൽപ്പറഞ്ഞതിനെല്ലാം വിരുദ്ധമായി സംസ്ഥാനത്തെ പല ജില്ലകളിലും വഴിയോര കച്ചവട തൊഴിലാളികൾക്ക് നേരെയുള്ള നിയമവിരുദ്ധമായ ഒഴിപ്പിക്കൽ തുടരുന്നു. വഴിയോരത്ത് പഴവർഗങ്ങൾ, പച്ചക്കറി, കളിപ്പാട്ടങ്ങൾ, ചെരുപ്പുകൾ, തുണിത്തരങ്ങൾ, പൂക്കൾ, കടല അങ്ങനെ തുടങ്ങി ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാം പൊതുവിപണിയെക്കാൾ വളരെ വിലകുറച്ച് വില്പന നടത്തിക്കൊണ്ടിരിക്കുന്ന ഈ വിഭാഗത്തിന് നേരെ പാർലമെന്റിന്റെയും സുപ്രീംകോടതിയുടെയും നിയമപരിരക്ഷ നിലവിലുണ്ടായിട്ട് പോലും ആക്രമണം നടക്കുന്നു. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരം ആക്രമണം അവസാനിപ്പിക്കാനും എത്രയും പെട്ടെന്ന് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാനും അവർക്കാവശ്യമായ സംരക്ഷണം കൊടുക്കാനും ബന്ധപ്പെട്ട ഭരണകൂടങ്ങൾ തയ്യാറാകുകയാണ് വേണ്ടതെന്ന് വഴിയോര കച്ചവടക്കാർ പറയുന്നു.