തിരുവനന്തപുരം: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്താൻ വായനയുടെ വെളിച്ചമൊരുക്കുകയാണ് കനൽ എന്ന യുവജന സംഘടന. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള ഉന്നമനത്തിനും ചൂഷണങ്ങൾക്കെതിരെയും പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ കനലിന്റെ നിരവധി പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ഗ്രാമീണ ഗ്രന്ഥശാലകൾ. ഓരോ വായനശാലയിലും ആയിരം പുസ്തകങ്ങൾ വീതമാണ് കനൽ നൽകുന്നത്.
75 ഓളം വോളന്റിയേഴ്സും വിവിധ മേഖലയിലെ പ്രശസ്തരും മുതൽക്കൂട്ടായപ്പോൾ കനൽ വൈവിദ്ധ്യമാർന്ന ശൈലിയിൽ അനേകം ജനജീവിതങ്ങളിലേക്ക് എത്തി. വെട്ടിക്കവലയിലെ കാവുങ്കലിൽ ആണ് ആദ്യ വായനശാല ആരംഭിച്ചത്. തുടർന്ന് പൂന്തുറയിലും അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ നകുപ്പതി, ജില്ലിപാറ, ദൈവകുണ്ട് എന്നീ സ്ഥലങ്ങളിലും വായനശാല ആരംഭിച്ചു. 2015 ലാണ് കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി തുടങ്ങിയത്. അഞ്ചു മുതൽ 12 വയസു വരെയുള്ള കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നു സ്വയം രക്ഷനേടാൻ പ്രാപ്തരാക്കുന്ന ജ്യോതിർഗമയ, സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചുള്ള അവബോധം നൽകുന്ന സേഫ് ഓൺലൈൻ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള അവബോധം, ആദിവാസി കുട്ടികൾക്കായുള്ള മിന്നാമിന്നി, സേഫ് ലിവിംഗ് എന്നിങ്ങനെ നീളുന്നു അവബോധ പരിപാടികൾ. സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, സംസ്ഥാന ശിശുക്ഷേമ സമിതി തുടങ്ങിയ വിവിധ സർക്കാരേതര സംഘടനകൾ സഹകരിച്ചാണ് ബോധവത്കരണം. തിരുവനന്തപുരം വിമാനത്താവളത്തിൽ എയർക്രാഫ്ട് മെയിന്റനൻസ് വിഭാഗം ഉദ്യോഗസ്ഥനും നിയമബിരുദധാരിയും അഞ്ചൽ വിളക്കുപാറ സ്വദേശിയുമായ ആൻസൻ പി.ഡി. അലക്സാണ്ടർ, വിദ്യാഭ്യാസ മനുഷ്യാവകാശ പ്രവർത്തക ടി.വി. ജിഷ എന്നിവരാണ് കനലിന്റെ അമരക്കാർ.