ഇരുന്നൂറിലധികം ബോളിവുഡ് സിനിമകളിലഭിനയിച്ച മക് മോഹന്റെ മക്കൾ സിനിമയിൽ അരങ്ങേറുന്നു.വിഖ്യാത ചിത്രമായ ഷോലെയിലെ സാംബ എന്ന കഥാപാത്രത്തിലൂടെ രാജ്യമൊട്ടാകെയുള്ള പ്രേക്ഷക മനസുകളിൽ ഇടം നേടിയ മക് മോഹന്റെ മക്കൾ ഡിസർട്ട് ഡോൾഫിൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.ഡിസർട്ട് ഡോൾഫിൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നത് മക് മോഹന്റെ മകൾ മഞ്ജരിയാണ്. മറ്റൊരു മകളായ വിനനിയാണ് ചിത്രത്തിന്റെ നിർമ്മാതാവും സഹ രചയിതാവും.
പന്ത്രണ്ട് വർഷമായി ഇൻഡസ്ട്രിയിലുള്ള മഞ്ജരി ക്രിസ്റ്റഫർ നോളന്റെയും പാറ്റി ജെൻ കിൻസിന്റെയും വിശാൽ ഭരദ്വാജിന്റെയും അസിസ്റ്റന്റായിരുന്നു. മൂന്ന് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഡൺകിർക്ക് ദ ഡാർക്ക് നൈറ്റ് റൈസസ്, വണ്ടർ വുമൺ, മിഷൻ ഇംപോസിബിൾ 4, സാത്ത് ഖൂൻ മാഫ്, വേക്ക് അപ്പ് സിദ് എന്നിവയാണ് മഞ്ജരി അസിസ്റ്റന്റായി പ്രവർത്തിച്ച ചിത്രങ്ങൾ. ജൊനാഥൻ റെഡ്വിൻ, അമൃത് മഗേര, അനുരാഗ് അറോറ എന്നിവരാണ് ഡിസർട്ട് ഡോൾഫിനിലെ പ്രധാന താരങ്ങൾ.എട്ടുവർഷങ്ങൾക്ക് മുമ്പാണ് മക് മോഹൻ അന്തരിച്ചത്.