ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനോട് മത്സരിക്കാൻ മലയാളത്തിന്റെ യുവ സൂപ്പർ താരം ദുൽഖർ സൽമാൻ. സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാരതിനോടൊപ്പം മത്സരിക്കാനൊരുങ്ങുകയാണ് ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയാഫാക്ടർ.
സൽമാൻ ഖാനെ നായകനാക്കി സുൽത്താൻ, ടൈഗർ സിന്ദാ ഹെ എന്നീ ചിത്രങ്ങളൊരുക്കിയ അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരത് ജൂൺ അഞ്ചിന് റംസാൻ ദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്.
2014ൽ റിലീസായ ഓഡ് ടു മൈ ഫാദർ എന്ന ദക്ഷിണകൊറിയൻ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ഭാരതിൽ കത്രീനാ കെയ്ഫാണ് നായിക.ജാക്കി ഷ്റോഫ്, തബു, സുനിൽ ഗ്രോവർ, ദിഷാ പട്ടാനി, സൊനാലി കുൽക്കർണി തുടങ്ങിയവർക്കൊപ്പം അതിഥി താരമായി വരുൺ ധവാനും പ്രത്യക്ഷപ്പെടുന്നു. മാർകിൻ ലാസ്കവിക് ആണ് ഈ പീര്യഡ് ഡ്രാമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
തേരേ ബിൻ ലാദൻ, ദ ഷൗക്കീൻസ്, തേരേ ബിൻ ലാദൻ - ഡെഡ് ഓർ എലൈവ്, പരമാണു ദ സ്റ്റോറി ഒഫ് പൊക്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ദ സോയാ ഫാക്ടർ നിർമ്മിക്കുന്നത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ്.
ദുൽഖർ സൽമാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായ നിഖിൽ ഖോഡ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സോനം കപൂറാണ് നായിക. സോയാ സിംഗ് എന്നാണ് സോനം കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. സഞ്ജയ്കപൂറാണ് മറ്റൊരു പ്രധാന താരം.
2008-ൽ പുറത്തിറങ്ങിയ അനൂജ ചൗഹാന്റെ ദ സോയാ ഫാക്ടർ എന്ന നോവലിനെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പശ്ചാത്തലം 2011-ലെ ലോകകപ്പ് ക്രിക്കറ്റാണ്. ജൂൺ 12നാണ് ദ സോയാഫാക്ടർ തിയേറ്ററുകളിലെത്തുന്നത്.
തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നീ ചിത്രങ്ങളിലാണ് ദുൽഖറിന്റേതായി റിലീസാകാനുള്ളത്. റേഡിയോ ജോക്കിയായ മാത്തുക്കുട്ടി സംവിധായകനാകുന്ന ചിത്രത്തിലാണ് മലയാളത്തിൽ ഇനി ദുൽഖർ അഭിനയിക്കുന്നത്. കൂടാതെ ഇൗ വർഷം തന്നെ മറ്റൊരു മലയാള ചിത്രത്തിൽക്കൂടി ദുൽഖർ അഭിനയിക്കും.