ലക്‌നൗ: അമ്പരക്കേണ്ട, എസ്.പി നേതാവ് അഖിലേഷ് യാദവിനൊപ്പം വിമാനത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അല്ല. മായാവതിയെ പ്രധാനമന്ത്രിക്കസേരയിൽ എത്തിച്ച് മോദിയെ താഴെയിറക്കാൻ ശപഥമെടുത്ത അഖിലേഷിനൊപ്പം യോഗി ഇത്രയും സൗഹർദത്തോടെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന് ഒരു സാദ്ധ്യതയുമില്ല. ഇതാണ് ലക്‌നൗ സ്വദേശിയായ സുരേഷ് താക്കൂർ. കണ്ടാൽ തനി യോഗി ആദിത്യനാഥ്. കാഷായ വേഷവും കമ്മലും പോലും സെയിം!
ഈയിടെ യു.പിയിൽ അഖിലേഷ് യാദവ് പ്രസംഗിക്കുന്ന എസ്.പി പ്രചാരണ വേദകളിലെല്ലാം ഈ ഡ്യൂപ്പ് യോഗിയുമുണ്ട്. പ്രസംഗിക്കില്ല, എല്ലാവരെയും കൈ വീശിക്കാണിക്കും. കാണുന്നവർക്ക് ടോട്ടൽ കൺഫ്യൂഷൻ. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ ചിത്രം പോസ്റ്റ് ചെയ്‌തത്. എന്നിട്ട് ആ രഹസ്യവും വെളിപ്പെടുത്തി: ഇത് യോഗി അല്ല!
യു.പിയിലെ ജനങ്ങൾ നിരാശരാണ്. അവിടെ ബി.ജെ.പിക്ക് കാൽക്കീഴിലെ മണ്ണ് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. യു.പിയിൽ സംഭവിക്കുന്ന നഷ്‌ടം പശ്ചിമ ബംഗാളിൽ നികത്താനാണ് ബി.ജെ.പിയുടെ ശ്രമം. പക്ഷേ, അതു നടക്കില്ല. രാജ്യത്തിന് ദേശീയഗാനം സംഭാവന ചെയ്‌ത സംസ്ഥാനമാണ് ബംഗാൾ. അവിടത്തെ ജനങ്ങളെ ജാതി പറഞ്ഞ് സ്വാധീനിക്കാൻ കഴിയുമെന്ന് ഇവരോട് ആരാണ് പറഞ്ഞത്? ബംഗാളിലേക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വരുന്നതിനു മുമ്പ് ബി.ജെ.പി നേതാക്കാൾ രവീന്ദ്രനാഥ ടാഗോർ ദേശീയതയെക്കുറിച്ച് എഴുതിയ പുസ്‌തകം വായിക്കണമായിരുന്നു- അഖിലേഷ് യാദവ് പറയുന്നു.
പ്രധാനമന്ത്രിയാകാൻ താനില്ലെന്ന് യാദവ് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. പക്ഷേ, രാജ്യത്തിന് പുതിയൊരു പ്രധാനമന്ത്രിയെ സംഭാവന ചെയ്യുന്ന കാര്യത്തിൽ സുപ്രധാന പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അപ്പോൾ കിംഗ് മേക്കർ ആകുന്നതിലാണ് താത്പര്യം എന്നാണോ? അതുമല്ല. "ആ പ്രയോഗം ശരിയല്ല. ഞാൻ ഒരു സഹയോഗ് രാജ ആയിരിക്കും. കിംഗ് മേക്കർ എന്നു പറയുമ്പോൾ അതിലൊരു ധാർഷ്‌ട്യത്തിന്റെ ഛായയുണ്ട്. എനിക്ക് ഒരു ധാർഷ്‌ട്യവുമില്ല." ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഖിലേഷ് വെളിപ്പെടുത്തി.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഒരു മൂന്നാം മുന്നണി രൂപപ്പെട്ടു വരുന്നതിനെ യാദവ് സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ചന്ദ്രബാബു നായിഡു, ചന്ദ്രശേഖർ റാവു, എം.കെ. സ്റ്റാലിൻ എന്നിവരൊക്കെ കിംഗ് മേക്കർമാരുടെ റോളിലുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് ഇവരുമായി സംസാരിച്ചതല്ലാതെ പിന്നീട് ചർച്ചയൊന്നും നടന്നില്ല. മൂന്നാം മുന്നണി ഒരു നല്ല ആശയമാണെന്ന് സമ്മതിക്കുമ്പോഴും അതേക്കുറിച്ച് കൂടുതലൊന്നും അഖിലേഷ് ഇപ്പോൾ സംസാരിക്കില്ല. അതിന് 23 കഴിയണം.
രാജ്യത്തെ ആർക്കു വേണമെങ്കിലും പ്രധാനമന്ത്രിയാകാമെങ്കിലും, അത് യു.പിയിൽ നിന്നാണെങ്കിൽ സന്തോഷം എന്നാണ് അഖിലേഷിന്റെ പക്ഷം. മനസ്സിൽ മായാവതിയെന്ന് വ്യക്തം. 23-നു ശേഷം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യം താനും ആൽ.എൽ.ഡി നേതാവ് അജിത് സിംഗും മായാവതിയും ചേർന്നിരുന്ന് ചർച്ച ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
നാളെ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന വാരണാസിയിൽ വ്യാഴാഴ്‌ച പ്രിയങ്കാ ഗാന്ധി റോഷ് ഷോ നടത്തിയതിനു പിന്നാലെ അഖിലേഷനും മായാവതിയും സംയുക്ത റാലിയിൽ പങ്കെടുത്തിരുന്നു. വാരണാസിയിലും തൊട്ടടുത്ത ചന്ദോലി സീറ്റിലും മോദി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുകയായിരുന്നു ലക്ഷ്യം. വാരണാസിയിൽ ശാലിനി യാദവും, ചൗന്ദോലിയിൽ സഞ്ജയ് ചൗഹാനുമാണ് എസ്.പി- ബി.എസ്.പി സഖ്യ സ്ഥാനാർത്ഥികൾ.
റാലിയിൽ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ അതിശക്തമായ ആക്രമണമാണ് അഖിലേഷും മായാവതിയും നടത്തിയത്. എസ്.പി, ബി.എസ്.പി പോലെയുള്ള കക്ഷികൾ തന്നെ കോൺഗ്രസിന്റെ ഭരണ പരാജയത്തിൽ നിന്ന് ജന്മമെടുത്തതാണെന്ന് മായാവതി റാലിയിൽ പറഞ്ഞു. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായത് അവരുടെ തെറ്റായ നയങ്ങൾ കാരണമാണ്. ബി.ജെ.പി ആകട്ടെ, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു. ബി.ജെ.പി ഭരിക്കുന്നതു തന്നെ കോർപ്പറേറ്റുകൾക്കു വേണ്ടിയാണ്. ഈ തിരഞ്ഞുപ്പിൽ ബി.ജെ.പി ഭരണം തൂത്തെറിയപ്പെടും- മായാവതി പറഞ്ഞു.
2017-ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ എ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു അഖിലേഷ് യാദവ് പറഞ്ഞിരുന്ന കാരണം, ബി.ജെ.പി പയറ്റിയ ജാതി രാഷ്‌ട്രീയമാണ്. ഇപ്പോൾ എസ്.പി- ബി.എസ്.പി സഖ്യം അത്തരത്തിലൊരു പരീക്ഷണമല്ലേ എന്നു ചോദിച്ചാൽ അഖിലേഷിനു ദേഷ്യം വരും. "ബി.ജെ.പി രാഷ്‌ട്രീയലക്ഷ്യത്തോടെ ഇതു ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ അതിനെ സോഷ്യൽ എൻജിനിയറിംഗ് എന്നു വിളിക്കും. ഞങ്ങൾ പരീക്ഷിക്കുമ്പോൾ ജാതിരാഷ്‌ട്രീയമെന്ന് പരിഹസിക്കും. രണ്ടിനെയും ഒരുപോലെ കാണാമെങ്കിൽ ഞങ്ങൾക്ക് ആക്ഷേപമില്ല!"
എന്തായാലും, 23 നു വൈകിട്ട് അഖിലേഷ് യാദവും അജിത് സിംഗും മായാവതിയും ചേർന്ന് ഒന്നിരിക്കും. ഡൽഹിയിൽ അപ്പോൾ സോണിയാ ഗാന്ധിയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുകയായിരിക്കും. ബംഗാളിൽ മമതാ ബാനർജി കാത്തിരിക്കുകയായിരിക്കും. കിംഗ് മേക്കർമാരിൽ ആരു ജയിക്കും?
जब उन्होंने हमारे जाने के बाद मुख्यमंत्री आवास को गंगा जल से धोया था तब हमने भी तय कर लिया था कि हम उनको पूड़ी खिलाएँगे! pic.twitter.com/9GubzO1hOW
— Akhilesh Yadav (@yadavakhilesh) May 15, 2019