ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ അവന്തിപുരയിലെ പൻസ്ഗാം ഗ്രാമത്തിൽ വച്ച് ശനിയാഴ്ച്ച പുലർച്ചെയാണ് ഏറ്രുമുട്ടൽ ഉണ്ടായത്. ആക്രമണം നടത്തിയ ഭീകരരിൽ പലരും ഇപ്പോഴും സ്ഥലത്ത് കുടുങ്ങി കിടപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭാഗമായുളള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സി.ആർ.പി.എഫ്, 55 രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഒാപ്പറേഷൻസ് ഗ്രൂപ്പ് എന്നിവരാണ് ഭീകരർക്കെതിരായ പ്രതിരോധത്തിൽ പങ്കെടുത്ത ഇന്ത്യൻ സേനാ വിഭാഗങ്ങൾ. പുലർച്ചെ 2:10നാണ് ആക്രമണം നടക്കുന്നത്. അവസാനം ലഭിക്കുന്ന വിവരം ആക്രമണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്.
തെക്കൻ കശ്മീരിലെ ആനന്ത്നാഗ് ജില്ലയിൽ വച്ചാണ് ആക്രമണം ആരംഭിക്കുന്നത്.ആനന്ത്നാഗിൽ ഭീകരരുടെ സാനിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം നേരത്തെ തന്നെ ഇവിടം വളഞ്ഞിരുന്നു. സേന ഇവിടെ തിരച്ചിൽ നടത്തിയപ്പോഴാണ് ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തത്.