കോട്ടയം: ഏഴു ഘട്ടം നീണ്ട ലോക് സഭാ തിരഞ്ഞെടുപ്പു പ്രചാരണം ആദ്യവസാനം ചുറ്റികറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമേദിയിയെ ചുറ്റിപ്പറ്റി. മുദ്രാവാക്യങ്ങളും വിവാദങ്ങളും മോദി തന്നെ സൃഷ്‌ടിച്ചു. മറ്റുള്ളവർ അത് ഏറ്റുപിടിച്ചു. അഞ്ചു വർഷം നീണ്ട ബി.ജെ.പി ഭരണത്തിനെതിരായ ജനവികാരം, നോട്ട് നിരോധനം, ജി.എസ്.ടി, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ ജനകീയ പ്രശ്‌നങ്ങൾ വോട്ടാക്കി മാറ്റാൻ പ്രതിപക്ഷത്തെ അനുവദിക്കാതെ തിരഞ്ഞെടുപ്പ് അജണ്ട മോദി നിശ്ചയിച്ചു.
തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും അനാവശ്യ വിവാദങ്ങൾ പ്രചാരണത്തിന്റെ ചൂണ്ടയിൽ കൊരുത്തിട്ടപ്പോൾ പ്രതിപക്ഷം അതിൽ കൊത്തി വലിച്ചു. അഞ്ചു വർഷത്തെ ഭരണത്തിന്റെ വിഴുപ്പലക്കലിൽ നിന്ന് പ്രതിപക്ഷത്തെ അകറ്റിനിർത്താൻ കഴിഞ്ഞതോർത്ത് മോദി എങ്ങനെ ആർത്തു ചിരിക്കാതിരിക്കും?. ഭരണ പരാജയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യരുതെന്ന് മോദിയും തിരഞ്ഞെടുപ്പ് മാനേജ്മെന്റും ആദ്യമേ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. നന്നായി ഹോം വർക്ക് ചെയ്‌തു. നോട്ട് നിരോധനം ജി.എസ്.ടി, കർഷക ആത്മഹത്യ , തൊഴിലില്ലായ്‌മ... ഇതൊന്നും ആരെക്കൊണ്ടും ചർച്ച ചെയ്യിച്ചില്ല. പകരം രാജ്യ സുരക്ഷ എന്ന കാർഡ് മോദി ആദ്യമേ ഇറക്കി കളിച്ചു. റാഫേൽ വിമാന ഇടപാട് രാജ്യസുരക്ഷയുമായി കൂട്ടിക്കുഴച്ചു.
ഫുൽവാമ ഭീകരാക്രമണവും ഉപോയഗപ്പെടുത്തി. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ പ്രതിപക്ഷം പ്രതിരോധിച്ചു. ഹിന്ദുത്വ അജണ്ടയിലും മറ്റുള്ളവർ തൊടാതെ പ്രതിരോധം തീർത്തു. മോദിയെ ചൗക്കിദാർ എന്നു പരിഹസിച്ച്, 'ചൗക്കിദാർ ചോർഹേ' മുദ്രാവാക്യം രാഹുൽ ഗാന്ധി രാവിലെയും വൈകിട്ടും ഉന്നയിച്ചെങ്കിലും പഴയ ചായക്കടക്കാരൻ പരിഹാസം വോട്ടാക്കിയതു പോലെ ചൗക്കിദാറെന്ന പരിഹാസ ശരം പിടിച്ചെടുത്ത് മോദി തിരികെ എയുതു. 'മേ ചൗക്കിദാർ ഹും' എന്നു പറഞ്ഞ് വോട്ടാക്കി. ചൗക്കിദാർ പരിഹാസം സുപ്രിം കോടതി കയറി. രാഹുൽ മാപ്പു പറഞ്ഞ നാണക്കേടു കൂടി സംഭവിച്ചപ്പോഴും മോദി ഉള്ളാലെ ചിരിക്കുകയായിരുന്നു. രാഹുൽ അതോടെ സറണ്ടറായി.
ഡൽഹി, പഞ്ചാബ് വോട്ടെടുപ്പായപ്പോൾ പഴയ സിഖ് കൂട്ടക്കൊലയിലെ രാജീവ് ഗാന്ധിയുടെ പങ്ക് മോദി പുറത്തെടുത്തിട്ടതോടെ രാഹുലും കോൺഗ്രസും പ്രതിരോധത്തിലായി . ബംഗാൾ വോട്ടെടുപ്പിൽ രാഹുലിനെ വിട്ട് മോദി മമതയെ പ്രകോപിപ്പിച്ചു. അമിത്ഷായുടെ റാലി തടഞ്ഞ മമതയോട് എന്നെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നു ചോദിച്ചു മമതയെ വിറപ്പിച്ചു. മേഘ മണ്ടത്തരം, ഡിജിറ്റൽ കാമറ, ഈ മെയിൽ ചർച്ച എടുത്തിട്ട മോദിയെ മണ്ടനെന്നു പരിഹസിച്ച് പലരും ട്രോളിയപ്പോൾ ഇത് വിഡ്ഡിത്തമായി രാജ്യം ആഘോഷിക്കുന്നത് മുൻകൂട്ടിക്കണ്ട് അഞ്ചു വർഷത്തെ കേന്ദ്ര ഭരണത്തിനെതിരെ കാര്യമായ വിമർശനമില്ലാതെ ഏഴുഘട്ട തിരഞ്ഞെടുപ്പെന്ന പാലം കടന്നതിൽ ആശ്വസിക്കുകയായിരുന്നു മോദി. മോദി ആദ്യവസാനം അജണ്ട നിശ്ചയിച്ച ഒരു തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ അഞ്ചുവർഷത്തെ ഭരണപരാജയം പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്നിൽ എത്തിക്കാനാവാത്തതു കൊണ്ട് 'മോദി ആരാ മോൻ' എന്നായിരിക്കും രാഷ്ടീയ നിരീക്ഷകർ വിലയിരുത്തൽ.