cpm

കണ്ണൂർ: മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം പർദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു. വോട്ടെടുപ്പിനായി ക്യൂവിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും പോളിംഗ് ഏജന്റിന് തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമറയിൽ മുഖം വ്യക്തമാകുന്ന രീതിയിലേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറുണ്ടോയെന്നും ജയരായൻ ചോദിച്ചു. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാൽ ഇപ്പോൾ യു.ഡി.എഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എൽ.ഡി.എഫ് വിജയിക്കുമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂർ മണ്ഡലത്തിൽ റീപ്പോളിംഗ് നടക്കാൻ ഇരിക്കെയാണ് ജയരാജന്റെ പരാമർശം.

അതേസമയം, കണ്ണൂരിലെ എൽ.‌ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതിയും ജയരാജന്റെ പ്രസ്‌താവനയ്‌ക്ക് പിന്തുണയുമായി എത്തി. ശരീരമാകെ മറച്ചിരിക്കുന്നതിനാൽ വോട്ട് ചെയ്യാനെത്തുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും തിരിച്ചറിയാനാകില്ലെന്ന് ശ്രീമതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അതുകൊണ്ടാണ് ജയരാജൻ മുഖാവരണം നീക്കണമെന്ന് പറഞ്ഞത്. ഇത് മതപരമായ അധിക്ഷേപമല്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു. റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കും. ആരുടെയെങ്കിലും സമ്മർദഫലമായാണോ ധർമ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിയതെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.

അതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. റീപ്പോളിംഗ് പ്രഖ്യാപിച്ച രീതിയടക്കം ശരിയായില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ഗൗരവത്തോടെയുമല്ല കമ്മിഷൻ പ്രവർത്തിച്ചത്. ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങായാണ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദൂര സ്ഥലങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പർദ ധരിച്ച് വരുന്നതിൽ തടസമില്ലെങ്കിലും പോളിംഗ് ബൂത്തിൽ തിരിച്ചറിയാവുന്ന വിധത്തിൽ മുഖം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്യാനായി വസ്ത്രത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. മാദ്ധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണ്. കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചുവെന്ന ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.