ന്യൂഡൽഹി: ബൈക്ക് യാത്രികനായ യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. രവി തക്രാൽ(27) ആണ് മരിച്ചത്. ഡൽഹിയിലെ ദേവ്പ്രകാശ് ശാസ്ത്രി മാർഗിലാണ് സംഭവം. നടുറോഡിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന പശുവിനെ ബൈക്കിടിക്കുകയായിരുന്നു. പശു മുന്നിൽ വന്നുപെട്ടതോടെ യുവാവ് വണ്ടി നിറുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ബൈക്ക് വന്ന് ശരീരത്തിൽ തട്ടിയതോടെ പശു യുവാവിനെ ആക്രമിച്ചു. വയറ്റിൽ കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധ മൂലമുണ്ടായ അപകടം എന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്ന പശു ആരുടെയങ്കിലും ഉടമസ്ഥതയിലുള്ളതാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.