lavasa

ന്യൂഡൽഹി: വിയോജിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇലക്ഷൻ കമ്മിഷണർ അശോക് ലവാസ. പെരുമാറ്റച്ചട്ടലംഘനം പരിഗണിക്കുന്ന സമിതിയിലെ അംഗമാണ് അശോക് ലവാസ. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്നാണ് ലവാസയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുക്കും അമിത് ഷായ്ക്കും ക്ലീൻ ചീറ്റ് നൽകിയതിൽ അദ്ദേഹം വിയോജിപ്പ് അറിയിച്ചിരുന്നു. യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അതുണ്ടായില്ലെന്ന് ലവാസ പറയുന്നു.

ഈ സാഹചര്യത്തിൽ താൻ യോഗങ്ങളിൽ പങ്കെടുക്കുന്നത് അർഥശൂന്യമാണ്,ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്തുന്നതുവരെ യോഗങ്ങൾ ബഹിഷ്‌കരിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്ന് ലവാസ മെയ് നാലിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. മൂന്നംഗ ഇലക്ഷൻ കമ്മീഷനിൽ, സുനിൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അശോക് ലവാസ, സുഷീൽ ചന്ദ്ര എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ്. ഐകകണ്‌ഠേന തീരുമാനമെടുക്കണമെന്നാണ് ഈ പാനലിന്റെ നിയമം. അതേസമയം ചിലസമയങ്ങളിൽ ഏകാഭിപ്രായത്തോടെ തീരുമാനം എടുക്കാൻ സാധിക്കാറില്ല പകരം ഭൂരിപക്ഷം നോക്കിയാണ് തീരുമാനം കൈക്കൊള്ളുന്നത്. കത്ത് ലഭിച്ചതിന് ശേഷം സുനിൽ അറോറ,​ ലവാസയെ വിളിപ്പിച്ചിരുന്നു.

സൈന്യവുമായി ബന്ധപ്പെട്ട പരാമർശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ക്ളീൻ ചിറ്റ് നൽകിയിരുന്നു.