തിരുവനന്തപുരം: ധനമന്ത്രി ഡോ.തോമസ് ഐസകിനെയും ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ രംഗത്തെത്തി. വി.എസ് സർക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാരുടെ ഫയലുകളെല്ലാം തോമസ് ഐസക് അനാവശ്യ കാരണങ്ങളുടെ പേരിൽ തടഞ്ഞുവയ്‌ക്കുമായിരുന്നു. ധനകാര്യമന്ത്രിക്ക് കൊമ്പില്ലെന്ന് താൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ധനകാര്യ വകുപ്പിന് മറ്റ് വകുപ്പുകളുടെ മേൽ പ്രത്യേകമായൊരു അധികാരമില്ലെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു ദിവാകരന്റെ പരാമർശം.
വി.എസ്.അച്യുതാനന്ദൻ അദ്ധ്യക്ഷനായ സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മിഷന്റെ പ്രവർത്തനം സർക്കാർ തടസപ്പെടുത്തുകയാണെന്നും ദിവാകരൻ ആരോപിച്ചു. ഇവർ എന്താണ് ചെയ്യുന്നതെന്ന് നിയമസഭാ സമിതിയിൽ താൻ വിമർശിച്ചു. വി.എസിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാരോട് കടുത്ത അവഗണന ആയിരുന്നു. സി.പി.ഐ മന്ത്രിമാർ ഒരു കാര്യം പറഞ്ഞാൽ മറ്റ് മന്ത്രിമാർ ഉടക്കിടുമെന്നും ദിവാകരൻ ആരോപിക്കുന്നു.
അതേസമയം, തന്റെ വിവാദ പ്രസ്താവനകൾ ദിവാകരൻ നിഷേധിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തന വീഴ്‌ചകളെക്കുറിച്ചാണ് താൻ വിമർശിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പിന്റെ പ്രവർത്തനങ്ങളിലുണ്ടായ ചില പോരായ്‌മകൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്‌തത്. കൂട്ടുമന്ത്രി സഭയിൽ സ്വാഭാവികമായും തർക്കങ്ങളുണ്ടാകുമെന്നും എന്നാൽ വി.എസിനെയും തോമസ് ഐസകിനെയും വിമർശിച്ചിട്ടില്ലെന്നും ദിവാകരൻ വ്യക്തമാക്കി.