ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ നാല് ദിവസം മാത്രം ശേഷിക്കെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിക്ക് എതിരായി നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ചന്ദ്രബാബുവും രാഹുലും എന്നാണ് സൂചന.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് വൈകി ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതിയേയും, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും കൂടി കാണാൻ ഇരിക്കുകയാണ് രാഹുൽ. ഇതിനായി അദ്ദേഹം ലക്നൗവിലേക്ക് തിരിക്കും. മേയ് 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.
വെള്ളിയാഴ്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമായും, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സഖ്യസാധ്യതകൾ ഉറപ്പിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
കാവിപാർട്ടിക്ക് എതിരായി നിൽക്കുന്ന ഏത് പാർട്ടിയുമായും സഖ്യം രൂപീകരിക്കാൻ തയാറാണെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. എന്നാൽ കോൺഗ്രസ് ഇതര ബി.ജെ.പിയിതര സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യവും നായിഡുവിനുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് രണ്ടു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് പോയിരിക്കുകയാണ്.