മലപ്പുറം. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് ടി.സി നൽകാൻ ഗുഡ് ഷെപ്പേർഡ് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ, കെ.എസ്‍.യു പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. എടക്കര പാലുണ്ട ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിലെ ആറ് വിദ്യാർത്ഥികളോടാണ് പ്ലസ്ടുവിനും സ്‌കൂളിൽ തുടരണമെന്നും ഇതല്ലെങ്കിൽ പ്ലസ്‌വൺ, പ്ലസ്ടു ഫീസായ ഒരു ലക്ഷം രൂപ ഒരുമിച്ച് നൽകണമെന്നും മാനേജുമെന്റ് ആവശ്യപ്പെട്ടതെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. കോടതി ഉത്തരവുമായി വന്നാൽ ടി.സി നൽകാമെന്നായിരുന്നു മാനേജുമെന്റിന്റെ നിലപാട്.
ഇതുസംബന്ധിച്ച് സ്‌കൂൾ മാനേജ്മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയർ സെക്കന്റെറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശു ക്ഷേമ സമിതി സ്കൂളിന് നോട്ടീസ് അയക്കുകയും ചെയ്തു.
23 കുട്ടികളാണ് ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ പാസായത്. ഇതിൽ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സർക്കാർ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്. ഇതിനായി ഏകജാലക സംവിധാനം വഴി അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടി.സി വാങ്ങാനായി ഗുഡ് ഷെപ്പേർഡ് സ്കൂളിലെത്തിയപ്പോഴാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.