ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനത്ത ചൂടൊന്നും വകവയ്‌ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നത് 1.5 ലക്ഷം കിലോമീറ്റർ. 50 ദിവസം കൊണ്ടാണ് 142 റാലികളിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെയാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും വിപുലമായ പ്രചാരണമാണ് പാർട്ടി ഇത്തവണ നടത്തിയതെന്നും ഷാ പറഞ്ഞു
46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന അസഹനീയമായ ചൂടിനെ നേരിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ഫെബ്രുവരി മുതൽ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിൽ മോദി സന്ദർശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗുജറാത്തിലെ അമേലിയിൽ നിന്ന് കർണാടകയിലെ ചിക്കോടിയിലേക്കും കേരളത്തിൽ തിരുവനന്തപുരത്തും മോദി പ്രചരണത്തിനായി എത്തിയിരുന്നു.
ഏറ്റവും ചൂടേറിയ തിരഞ്ഞെടുപ്പ് റാലി നടന്നത് മേയ് എട്ടിന് മദ്ധ്യപ്രദേശിലെ ഇറ്റാർസിയിലായിരുന്നു - 46 ഡിഗ്രിയായിരുന്നു താപനില. ഏറ്റവും താപനില കുറഞ്ഞിരുന്നത് അരുണാചലിൽ - 18 ഡിഗ്രിയുമായിരുന്നു. കൊൽക്കത്തയിൽ ഏപ്രിൽ മൂന്നിന് മോദി നടത്തിയ റാലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതെന്നും ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർ അന്നു റാലിക്കെത്തിയെന്ന് അമിത് ഷാ പറഞ്ഞു.
മാർച്ച് 28-ന് മീററ്റിൽ നിന്നാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് 142 പൊതു റാലികൾ. നാല് റോഡ് ഷോകൾ. ഏതാണ്ട് ഒന്നരക്കോടിയോളം ജനങ്ങളെ മോദി നേരിട്ട് അഭിസംബോധന ചെയ്തുവെന്നും ഷാ പറഞ്ഞു. താൻ 312 ലോക്‌സഭാ മണ്ഡലങ്ങളിലായി 161 പൊതുറാലികളിൽ പങ്കെടുത്തുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഔദ്യോഗിക പ്രചാരണം തുടങ്ങുന്നതിനും ആറു മാസത്തിനു മുമ്പു തന്നെ മുതിർന്ന പാർട്ടി പ്രവർത്തകർ പ്രവർത്തനം തുടങ്ങിയിരുന്നതായി അമിത് ഷാ പറഞ്ഞു. ഏഴായിരത്തോളം ലോക്‌സഭാ സ്റ്റിയറിംഗ് കമ്മിറ്റികൾ പ്രവർത്തിച്ചു. സംസ്ഥാനത്തിന്റെ വലിപ്പം അനുസരിച്ച് എല്ലായിടത്തും 14 മുതൽ 21 വരെ സമിതികളാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു. ബൂത്തുതല യോഗങ്ങൾ, ബൈക്ക് റാലികൾ തുടങ്ങി 11 തരം പരിപാടികൾ പ്രധാനമന്ത്രി പ്രചാരണം തുടങ്ങുന്നതിനു മുമ്പു തന്നെ സംഘടിപ്പിച്ചിരുന്നു.
പ്രചാരണം മദ്ധ്യപ്രദേശിലെ ഖർഗോണിൽ അവസാനിപ്പിക്കുന്നതിനിടയിൽ പ്രധാനമന്ത്രി എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ പതിനായിരത്തോളം മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മോദിക്കും ഷായ്ക്കു പുറമേ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ് (129 റാലികൾ), നിതിന്‍ ഗഡ്കരി (56 റാലികൾ), സുഷമാ സ്വരാജ് (23 റാലികൾ) തുടങ്ങിയവരും സജീവമായിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പർശിച്ചുള്ള വളരെ വിജയകരമായ പ്രചാരണമായിരുന്നു ബി.ജെ.പി.യുടേതെന്നും ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തുമെന്നകാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു.