ഡെറാഡൂൺ: കേദാർനാഥിൽ ദർശനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് തുടക്കമായി. രാവിലെ 9.30ഓടെയാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞവർഷം നവംബറിൽ അദ്ദേഹം കേദാർനാഥിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷം ഇത് നാലാം തവണയാണ് മോദി കേദാർനാഥിൽ എത്തുന്നത്. കേദാർപുരി പുനരുദ്ധാരണ പദ്ധതിയെപ്പറ്റിയും അദ്ദേഹം അവലോകനം നടത്തി.
ഏകദേശം 75 ശതമാനത്തോളം പണി പൂർത്തിയായി.ബാക്കി പണി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് ബദ്‌രീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ മോഹൻ പ്രസാദ് തപലിയാൽ പറഞ്ഞു നാളെ ഉച്ചയ്ക്ക് ഡൽഹിയിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് അദ്ദേഹം ബദ്‌രീനാഥിൽ ദർശനത്തിനെത്തുമെന്നാണ് സൂചന. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി ബദ്‌രീനാഥ് സന്ദർശിക്കാനെത്തുന്നതെന്ന് മോഹൻ പ്രസാദ് തപലിയാൽ പറഞ്ഞു. ബദ്‌രീനാഥിന്റെ മനോഹാരിത കൂട്ടാനായിട്ടുള്ള പദ്ധതിയും പ്രധാനമന്ത്രി അവലോകനം ചെയ്യും.സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലാണ് ബദ്‌രീനാഥ് സ്ഥിതിചെയ്യുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷം പ്രധാനമന്ത്രിക്ക് ധ്യാനിക്കാനായി ഒരു ഗുഹയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. മോദിയുടെ താമസസൗകര്യം ഉൾപ്പെടെയുള്ളവ എസ്.പി.ജി പരിശോധിച്ചു.
Reviewing aspects of the ongoing Kedarnath Development Project. pic.twitter.com/bVOFnCozug
— Chowkidar Narendra Modi (@narendramodi) May 18, 2019
തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെപ്പറ്റിയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് അനുവാദം വാങ്ങിയിട്ടുണ്ട്. ഏഴാംഘട്ട തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് പ്രധാനമന്ത്രി ദൈവ പ്രീതി തേടി എത്തിയിരിക്കുന്നത്. നാളെ വാരണാസി ഉൾപ്പെടെ 59 ലോക്‌സഭ മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. മെയ് 23ന് ജനവിധി അറിയാം.