elephant

പാലക്കാട്: തിരഞ്ഞെടുപ്പിൽ ഒരാൾക്ക് പകരം മറ്റൊരാൾ വോട്ട് ചെയ്യുന്നതും പലവിധ തട്ടിപ്പുകൾ നടത്തുന്നതും അടക്കമുള്ള ആൾമാറാട്ടം ഇപ്പോൾ സമൂഹത്തിൽ വളരെ വ്യാപകമാണ്. എന്നാൽ ഒരു ആനയ്‌ക്ക് പകരം മറ്റൊരു ആനയെ മേക്കപ്പ് ഇട്ട് എഴുന്നള്ളിക്കുന്ന സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അതും നടന്നു. പാലക്കാട് തൂതപ്പൂരത്തിനാണ് പിടിയാനയെ കൊമ്പനാനയുടെ വേഷം കെട്ടിച്ച് എഴുന്നള്ളിച്ചത്. ലക്കിടി ഇന്ദിരയെന്ന ആനയെയാണ് ഫൈബർ കൊമ്പ് പിടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി ആനമാറാട്ടം നടത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന എഴുന്നള്ളിപ്പിന് ആകെ 15 ആനകളെ ആയിരുന്നു വേണ്ടിയിരുന്നത്. എന്നാൽ നിശ്ചയിച്ച സമയമെത്തിയിട്ടും എണ്ണം തികഞ്ഞില്ല. തുടർന്ന് ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കി. എഴുന്നള്ളിപ്പ് സമയത്ത് തന്നെ ആനയുടെ മട്ടും ഭാവവും ആളുകളിൽ സംശയം ഉളവാക്കിയിരുന്നു. എന്നാൽ എഴുന്നള്ളത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തായതോടെയാണ് ആനമാറാട്ടം നടന്നെന്ന് ഉറപ്പായത്. പലക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിന് പിടിയാനയെ എഴുന്നള്ളിക്കുന്ന പതിവില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഉടൻ തന്നെ തൂത ക്ഷേത്രകമ്മിറ്റി അടിയന്തര യോഗം ചേർന്ന് വിഷയം വിലയിരുത്തും.