sreedharan-pillai

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടാനായില്ലെങ്കിൽ സംസ്ഥാന ബി.ജെ.പിയിൽ വൻ പൊട്ടിത്തെറികൾ നടക്കുമെന്ന് സൂചന. പാർട്ടിയിൽ ഇതിനോടകം തന്നെ രൂപപ്പെട്ടിരിക്കുന്ന അസംതൃപ്‌തരുടെ സംഘം ഫലം പുറത്ത് വരുമ്പോൾ ആക്രമണം കടുപ്പിക്കുമെന്നാണ് വിവരം. ഒരു സീറ്റെങ്കിലും കിട്ടിയാൽ പ്രശ‌്നങ്ങളെല്ലാം അതിൽ മുങ്ങിപ്പോകും. ഇല്ലെങ്കിൽ എല്ലാ പഴിയും ഇപ്പോഴത്തെ അദ്ധ്യക്ഷൻ പി.എസ്.ശ്രീദരൻപിള്ളയുടെ തലയിൽ വീഴുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു പക്ഷേ പിള്ളയുടെ അദ്ധ്യക്ഷ പദവി തെറിക്കാൻ ഇടയുണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ജൂലായ് അവസാനമാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മേയ് മാസത്തിൽ മിസോറാം ഗവർണറായി നിയോഗിച്ചതിനെ തുടർന്നാണ് രണ്ടു മാസത്തിന് ശേഷം ശ്രീധരൻ പിള്ളയ്ക്ക് നറുക്ക് വീണത്. ശ്രീധരൻ പിള്ളയെ താത്കാലിക പ്രസിഡന്റായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. ശബരിമല പ്രക്ഷോഭ സമയത്തും തിരഞ്ഞെടുപ്പുകാലത്തും ശ്രീധരൻ പിള്ള നടത്തിയ ചില പ്രസംഗങ്ങളും പ്രസ്താവനകളും വിവാദത്തിനും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. ഇതിൽ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായി എന്നാണ് അറിയുന്നത്. എന്നാൽ, തിരഞ്ഞടുപ്പുകാലമായതിനാൽ തുടരട്ടെ എന്നായിരുന്നു തീരുമാനം. ശ്രീധരൻ പിള്ളയെ അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. സ്ഥാനാർത്ഥി നിർണയ സമയത്തും ശ്രീധരൻ പിള്ള നടത്തിയ ചില പ്രസ്താവനങ്ങൾ പാർട്ടിയിൽ വിവാദത്തിന് വഴിവച്ചിരുന്നു. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിന് ഇടയാക്കിയേക്കാമെന്നാണ് അഭ്യൂഹം പരക്കുന്നത്.

എന്നാൽ ഒരു സീറ്റെങ്കിലും നേടാനായാൽ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനാകുമെന്നാണ് വിലയിരുത്തൽ. ഉടൻ തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരാനുള്ളതിനാൽ ഇതിനായി സംഘടനാ പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്താനും നേതൃത്വത്തിന് കഴിയും. അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഇതിനോടകം പലയിടങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങൾ ഒഴികെയുള്ളിടത്തെ സ്ഥാനാർത്ഥികളെല്ലാം അസ്വസ്ഥരാണ്. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലും ആർ.എസ്.എസ് നേതൃത്വം നിയോഗിച്ചവരുടെ കാര്യത്തിലുമാണ് മിക്കവർക്കും അതൃപ്‌തി. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളിൽ മതിയായ ഫണ്ട് ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ എറണാകുളം പോലുള്ള ചില മണ്ഡലങ്ങളിൽ കൂടുതൽ പണമെത്തിയതായും ആക്ഷേപമുണ്ട്. ഇതിനിടയിൽ ചില മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അച്ചടി,വാഹനം തുടങ്ങിയവയ്‌ക്ക് ചെലവഴിച്ച വകയിൽ ലക്ഷങ്ങളുടെ കടമുണ്ടെന്നും സൂചനയുണ്ട്. ഇത്തരത്തിൽ മദ്ധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ നിന്നും മുപ്പത് ലക്ഷത്തിലേറെ രൂപ കടമായെന്നും ഇത് മണ്ഡലത്തിൽ നിന്ന് തന്നെ കണ്ടെത്താനായി നേതാക്കൾ ശ്രമം തുടങ്ങിയതായും വിവരമുണ്ട്.