thomas-issac-sreenivasan

തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തത് കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശബരിമല വിഷയത്തിൽ സർക്കാർ കൈവച്ചതെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്, ശ്രീനിവാസൻ പറയുന്നത് ബാലിശമാണെന്നും പുനർനിർമ്മാണ പ്രവർത്തനങ്ങളെല്ലാം കൃത്യമായി നടന്നിട്ടുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. കൗമുദി ടിവിയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'എന്ത് ബാലിശമാണ് ഈ മനുഷ്യൻ പറയുന്നത്. ഞാൻ കുട്ടനാട്ടിൽ നിന്നും വരുന്ന മനുഷ്യനാണ്. ഞാൻ അവിടത്തെ കാര്യം പറയാം. കുട്ടനാട്ടിലെ വെളളത്തിൽ മുങ്ങിയ 12 പഞ്ചായത്തുകൾക്കും വേണ്ട സഹായങ്ങളെല്ലാം സർക്കാർ കൊടുത്തു. മുഴുവൻ കുടുംബങ്ങൾക്കും മുഴുവൻ സഹായവും കൊടുത്തു. എന്താണ് കൊടുക്കാതെ ഇരുന്നിട്ടുളളത്? പ്രളയത്തിന്റെ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം വീട്ടിൽ താമസിച്ചവരുണ്ട്. അവരുടെ കാര്യത്തിലാണ് പ്രശ്നം വരുന്നത്. ഞങ്ങൾക്ക് ക്ലെയിം ഉണ്ടെന്നു അവർ അവകാശപ്പെടുമ്പോൾ പരിശോധിക്കേണ്ടി വരും. പരിശോധിക്കാൻ മന്ത്രിമാർക്ക് പോകാൻ പറ്റാത്ത കൊണ്ട് ഉദ്യോഗസ്ഥരാകും പോകുന്നത്. എല്ലാവരും തന്ന അപ്പീലുകൾ പരിശോധിച്ചിട്ടുണ്ട്. അങ്ങനെ പരിശോധന നടത്തി ഏഴര ലക്ഷം പേർക്കാണ് സഹായങ്ങൾ നൽകിയിട്ടുളളത്. ഇത് ഇല്ലാത്തതാണെന്നും പറയാൻ കഴിയുമോ? അദ്ദേഹം പറയട്ടെ.' തോമസ് ഐസക്ക് പറഞ്ഞു.

എന്ത് കാര്യം ചെയ്യുമ്പോഴും ചിലപ്പോൾ നേരിയ ചില തെറ്റുകൾ പറ്റാമെന്നും പക്ഷെ അത്കൊണ്ട് മാത്രം അത് ചെയ്തിട്ടില്ലെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, 95 ശതമാനം പേർക്കും പ്രളയ ദുരിതാശ്വാസം ലഭിച്ചിട്ടുണ്ടെന്നും, ബാക്കിയുള്ള അഞ്ച് ശതമാനത്തിന്റെ കാര്യം തർക്കത്തിൽ നിൽക്കുകയാണെങ്കിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് പറയാൻ പാടില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

'പ്രളയ ശേഷമുളള പുനർനിർമ്മാണം നടക്കുന്നില്ല എന്ന് പറയുന്നവർ കുട്ടനാട്ടിലേക്ക് നോക്കണം. ഞാൻ എല്ലാ ജില്ലകളുടെയും കാര്യം പറയാത്തത് എനിക്ക് കുട്ടനാട് അറിയാം എന്നുളളത് കൊണ്ടാണ്. അവിടെ രണ്ടു ലക്ഷം പേരെ പുനരധിവസിപ്പിച്ചു. ഒരു പകർച്ചവ്യാധിയും ഉണ്ടായില്ല. വൻതോതിൽ അവിടെ നിറഞ്ഞുകിടന്ന നൂറ്റി ചില്വാണം വരുന്ന അഴുക്കെല്ലാം വൃത്തിയാക്കിയാണ് പുനരധിവാസം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളും അതിൽ പെടും. കേടുപാടുകൾ സംഭവിച്ച എല്ലാ വീടുകൾക്കും അന്നത്തെ കണക്കനുസരിച്ച് ധനസഹായം കൊടുത്തു. പതിനായിരം രൂപ വെച്ച് എല്ലാവർക്കും കൊടുത്തു. പ്രളയം കഴിഞ്ഞ് കൃഷി ഇറക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നു. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പമ്പിംഗ് സബ്‌സിഡി കുടിശിക തീർത്തു, പൊളിഞ്ഞ ബണ്ടുകൾ കെട്ടി.' തോമസ് ഐസക്ക് പറഞ്ഞു.

'ഇതിനുവേണ്ടി ഗൾഫിൽ നിന്ന് വരെ പമ്പിംഗ് യന്ത്രങ്ങൾ കൊണ്ട് വന്നു. അതിനുശേഷം കൃഷി ചെയ്തപ്പോൾ ഇരട്ടി വിളവാണ് ഉണ്ടായത്. ഇനി പ്രളയം ഉണ്ടായാൽ നിലനിൽക്കുന്ന രീതിയിൽ അവിടത്തെ പുളിങ്കുന്ന് ആശുപത്രി, മുകളിൽ ഹെലിപാഡ് വരെ ഉൾപ്പെടുത്തി 150 കോടിക്ക് പുനർനിർമ്മിക്കാൻ പോകുകയാണ്. 'കിഫ്‌ബി' പദ്ധതി പ്രകാരമാണ് ഇത് ചെയ്യുന്നത്. 252 കോടി രൂപ കൂടുതലായി കൊടുത്തുകൊണ്ട് കുട്ടനാട് കുടിവെളള പദ്ധതി വരാൻ പോകുകയാണ്. ഇന്നലെയും ഞാൻ അതിന്റെ മീറ്റിങ്ങിൽ ഇരുന്നു. ഇനിയൊരു പ്രളയം വന്നാലും കുടിവെളളം മുട്ടാത്ത രീതിയിലായിരിക്കും അത് നിർമ്മിക്കുക. ഇവിടുത്തെ ആലപ്പുഴ ചങ്ങനാശേരി റോഡ് ഉയർത്തി ഏറ്റവും മോഡേൺ ആക്കുകയാണ്. അതിന്റെ തൊട്ടപ്പുറത്തുളള തോട് പ്രളയജലം ഒഴുക്കാൻ പറ്റുന്ന രീതിയിൽ ആഴവും വീതിയും കൂട്ടും. അതിനു വേണ്ടി 150 മുതൽ 180 കോടി രൂപയാണ് മുടക്കാൻ പോകുന്നത്.' തോമസ് ഐസക്ക് കൗമുദി ടി.വി.യോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ കേരളത്തിലെ പല വിഷയങ്ങളും മുങ്ങിപ്പോയത് മനപ്പൂർവ്വമാണോ എന്ന് സംശയിക്കുന്നതായി നടൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. കള്ളന്മാരാണ് ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും ഇതൊക്കെ കാണുമ്പോൾ ശബരിമലയാണ് ഏറ്റവും വലിയ വിഷയമെന്ന് നമുക്ക് തോന്നുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.