neyyattinkara-suicide

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവത്തെ കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. അവസാനമായി മരണത്തിൽ മന്ത്രവാദിതത്തിനു പങ്കെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ,​ ഒരു വർഷം മുമ്പ് ശാസ്തമംഗലം പണിക്കേഴ്സ് ലെയ്നിൽ മൂന്നംഗം കുടുംബത്തിന്റെ ആത്മഹത്യയുമായി ഇതിന് സമാനതകൾ ഏറെയാണ്. 2018 ഫെബ്രുവരി മൂന്നിനാണ് നഗരത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യ. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത് കന്യാകുമാരിയിലെ പ്രസിദ്ധ ജോത്സ്യനെയായിരുന്നു.


അന്ന് പണിക്കേഴ്സ് ലെയ്ൻ വനമാലിയിൽ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരെയാണു വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബം അർധരാത്രിയിലും വീട്ടിൽ പൂജയും മന്ത്രവാദവും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരുമായി സമ്പർക്കം പുലർത്താതിരുന്ന ഇവരുടെ വീട്ടിൽ ദിവസവും രാത്രി 12നു പൂജയോ പ്രാർഥനയോ നടക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനു മൊഴി നൽകിയിരുന്നു.

വീട്ടിലെത്താനുള്ള വഴി അറിയിച്ച് പൊലീസ് സ്റ്റേഷനിലേക്കു കത്തെഴുതി അയച്ചശേഷമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ ഈ ജോത്സ്യനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഒടുവിൽ, കടുത്ത നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയപ്പോഴാണു തലസ്ഥാനത്തേക്കു തിരിച്ചത്. മറ്റു ബന്ധുക്കൾ ഇല്ലെന്നും കുടുംബത്തിന്റെ എല്ലാ സ്വത്തുക്കളും ജോത്സ്യനു നൽകണമെന്നും ഇവരുടെ മരണക്കുറിപ്പിൽ എഴുതിയിരുന്നു.

സനാതനൻ അറിയപ്പെടുന്ന സ്വാമിയാകുമെന്നു ജോത്സ്യൻ നേരത്തേ പ്രവചിച്ചിരുന്നു. കല്യാണം വിളിക്കാൻ ചെന്നാൽ പോലും തങ്ങൾക്കു താൽപര്യമില്ലെന്നു പറഞ്ഞു ഗേറ്റിൽ തടയുന്ന പ്രകൃതമായിരുന്നു സുകുമാരൻ നായർക്കും കുടുംബാംഗങ്ങൾക്കുമെന്നു നാട്ടുകാർ പറയുന്നു. പൊട്ടിപ്പൊളിഞ്ഞതും മുഷിഞ്ഞതുമായ വീട്ടിലാണു കുടുംബം കഴിഞ്ഞിരുന്നത്.


സമീപത്തു പുതിയ വീടുകൾ പണിതുയർന്നപ്പോഴും വീടിനു മുൻപിലെ കാട് വെട്ടിത്തെളിക്കാൻ തയാറായിരുന്നില്ല. നെയ്യാറ്റിൻകരയിൽ ചന്ദ്രന്റെ വീടും പൂർണമായും പണി തീർന്നിട്ടില്ല. നിർമാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും അടുക്കളഭാഗത്തെ ജനലുകൾക്കു കതക് പിടിപ്പിച്ചിട്ടില്ല. മാറാല പിടിച്ച നിലയിലായിരുന്നു പൂജാസ്ഥലമൊഴികെ വീടിന്റെ മിക്ക ഭാഗങ്ങളും.

വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടു വീടിനു പിന്നിലെ മന്ത്രവാദത്തറയെക്കുറിച്ചുള്ള ചുരുളഴിക്കാൻ പൊലീസിന്റെ ശ്രമം തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നതായി പിതാവ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. ജപ്തി ഭീഷണിയിലായ വീടിന്റെ വിൽപന ഒഴിവാക്കുന്നതിനാണു മന്ത്രവാദം നടത്തിയത്.