താൻ പിടിക്കപ്പെട്ടു കഴിഞ്ഞെന്ന് വാച്ചർ വാസുക്കുട്ടിക്ക് ബോദ്ധ്യമായി. രക്ഷപ്പെടാൻ ഒരാശയത്തിനായി അയാൾ തലച്ചോറ് പുകച്ചു.
ഒരു നിമിഷം അയാളെ ഞെട്ടിച്ചുകൊണ്ട് സി.ഐ. അലിയാരുടെ ശബ്ദമുയർന്നു.
ഇങ്ങനെ മിണ്ടാതെ നിന്നാൽ രക്ഷപ്പെടാമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് വെറുതെയാ വാസുക്കുട്ടീ. ഇടിച്ച് ഞാൻ നിന്റെ പരിപ്പെടുക്കും. ഇവിടെ നിന്ന് പുറത്തേക്കു പോയാൽ മൂന്നുമാസം തികച്ച് പിന്നീട് നീ ജീവിച്ചിരിക്കില്ല.
വാസുക്കുട്ടി കുടുകുടെ വിയർത്തു. പേടികൊണ്ട് അയാൾ വിളറി.
അതുകൊണ്ട് വാസുക്കുട്ടീ ഭാര്യയുടെയും കുട്ടികളുടെയും കൂടെ കുറച്ചുകാലമെങ്കിലും സുഖമായി ജീവിക്കണമെന്ന് നിനക്ക് ആഗ്രഹമുണ്ടെങ്കിൽ ആദ്യം മുതൽ പറഞ്ഞോ.... ഒന്നും വിട്ടുപോകാതെ.... നിന്നെ മാപ്പുസാക്ഷിയാക്കുവാൻ ഞാൻ ശ്രമിക്കാം."
വാസുക്കുട്ടി ചിന്തിച്ചു നിന്നു. തന്നെ മാപ്പുസാക്ഷി ആക്കിയാലും എതിർ ചേരിയിലുള്ളവർ പ്രബലരായതിനാൽ തന്നെ കൊന്നുകളയും എന്ന് അയാൾക്ക് തോന്നി.
അടുത്ത നിമിഷം.
കവിളടക്കം പടക്കം പൊട്ടുന്ന ഒച്ചയിൽ ഒരടി വീണു.
''അയ്യോ....."
വേച്ചുപോയ വാസുക്കുട്ടി മുറിയുടെ മൂലയിൽ ഉണ്ടായിരുന്ന ഇരുമ്പലമാരയിൽ ചെന്നു ചാരി.
ചോദ്യത്തിന്റെ അക്കവേഗത്തിൽ എനിക്ക് ഉത്തരം വേണമെടാ.... നേരത്തെ പറഞ്ഞതല്ലേ...."
അലിയാർ ഗർജ്ജിച്ചു
വാസുക്കുട്ടി അയാൾക്ക് നേരെ കൈകൂപ്പി.
''ഞാൻ പറയാം സാറേ.... എല്ലാം പറയാം."
'' ഇത് നേരത്തെ ആയിരുന്നെങ്കിൽ ഈ അടി ഒഴിവാക്കാമായിരുന്നല്ലോ."
അലിയാർ ചിരിച്ചു.
പെട്ടെന്ന് അയാളുടെ സെൽഫോണിൽ കിളിചിലച്ചു.
അലിയാർ അതെടുത്ത് നോക്കി. ആ മുഖത്ത് തെളിച്ചം വന്നു. വേഗം ഫോൺ കാതിൽ അമർത്തി.
''പറയൂ ഡോക്ടർ"
രാവിലെ വിവേകിന്റെ ബ്ളഡ് സാമ്പിൾ ടെസ്റ്റിനു കൊടുത്ത ഹോസ്പിറ്റലിലെ ഡോക്ടർ ആയിരുന്നു അത്.
ഫോണിൽ നിന്ന് ഡോക്ടറുടെ ശബ്ദം അലിയാരുടെ കാതിൽ വീണു.
''നമ്മൾ സംശയിച്ചത് ശരിയാണ് ഇൻസ്പെക്ടർ, ഓവർഡോസിൽ നൈട്രോസെപാം എന്ന മയക്കുമരുന്ന് വിവേകിന്റെ ബ്ളഡിൽ കലർന്നിട്ടുണ്ട്."
'ങേ?
സി.ഐ. അലിയാർ മിഴിച്ചുനിന്നു.
നൈട്രോസെപാം!
അത് ബ്ളഡിൽ കലർന്നാൽ ഇരുപത്തിനാല് മണിക്കൂർ സമയം എന്തു സംഭവിച്ചുവെന്ന് അറിയാനാവില്ല, അത് ഉപയോഗിച്ചിരിക്കുന്ന ആളിന്!
ഇവിടെ സംഭവിച്ചിരിക്കുന്നതും അതാണ്.
തന്റെ മുന്നിൽ വച്ച് പാഞ്ചാലി കത്തിയെരിഞ്ഞതുപോലും വിവേക് അറിയാനിടയില്ല.
ഈ ഘോരകൃത്യത്തിനു പിന്നിലുള്ളവരുടെ ചെകുത്താൻ ചിന്ത!
ചുളുവിൽ ഒരു പ്രതിയെ നിയമത്തിന് എറിഞ്ഞുകൊടുക്കുകയുമാകാം, തങ്ങളുടെ പദ്ധതി വിജയിക്കുകയും ചെയ്യും.
''താങ്ക്യൂ ഡോക്ടർ.... കുറച്ചു കഴിഞ്ഞ് ഞാൻ അങ്ങോട്ടു വരാം. നമുക്ക് നേരിൽ സംസാരിക്കാം."
അലിയാർ കാൾ മുറിച്ചു.
ഫോൺ ടേബിളിലേക്കിട്ടിട്ട് അലിയാർ പിന്നെയും വാസുക്കുട്ടിക്കു നേരെ തിരിഞ്ഞു.
''ങാ, അപ്പോൾ തുടങ്ങിക്കോ"
വാസുക്കുട്ടി ആദ്യം മുതൽ എല്ലാം പറഞ്ഞു.
ഈ പാതകത്തിനു പിന്നിലുള്ളവരുടെ മുഴുവൻ പേരുകൾ....
ചന്ദ്രകല
പ്രജീഷ്
സൂസൻ
എം.എൽ.എ. ശ്രീനിവാസ കിടാവ്
പരുന്ത് റഷീദ്
അണലി അക്ബർ
ഞെട്ടിനിൽക്കുകയായിരുന്നു സി.ഐ. അലിയാർ
ഇത് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കേസാണെന്ന് അയാൾക്കുറപ്പായി.
എന്നാൽ, പുറത്ത് അതേ സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ എല്ലാം ശ്രദ്ധിച്ചുകൊണ്ട് നിന്നിരുന്ന കാര്യം മാത്രം അലിയാർ അറിഞ്ഞില്ല.
കോൺസ്റ്റബിൾ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങി. അവിടെ തുരുമ്പെടുത്തു കിടന്നിരുന്ന വാഹനങ്ങൾക്ക് അടുത്തേക്ക് മാറിനിന്നു.
തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ചുറ്റും നോക്കി ഉറപ്പാക്കി.
ശേഷം ഝടുതിയിൽ ആർക്കോ കാൾ അയച്ചു...
ആ സമയം സി.ഐ അലിയാർ സിവിൽ പൊലീസ് ഓഫീസർ ഗംഗാധരനെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു.
''സാർ......"
ഗംഗാധരൻ മുന്നിലെത്തി അറ്റൻഷനായി.
''ഗംഗാധരാ.... വിശദമായി ഇയാളുടെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കണം. ഈ മുറിയിൽ വച്ചുതന്നെ മതി. മറ്റാരും ഒന്നും അറിയരുത്. ചോദിച്ചാൽപോലും പറയണ്ട."
''സാർ"
ഗംഗാധരൻ പാഡും പേനയും എടുത്തു.
പെട്ടെന്ന് ലാൻഡ് ഫോണിലേക്ക് ഒരു കാൾ വന്നു. അലിയാർ അറ്റന്റ് ചെയ്തു.
അപ്പുറത്ത് ഡിവൈ.എസ്.പിയായിരുന്നു.
''അലിയാർ........." ഡിവൈഎസ്.പിയുടെ ശബ്ദത്തിന് വല്ലാത്ത മൂർച്ച!
(തുടരും)