വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സിനിമാ ജീവിതത്തിലേക്ക് തിരിച്ച് വന്നത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെയായിരുന്നു. മഞ്ജു അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചു. മധ്യവയസ്‌കയായ ഒരു സ്ത്രീ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളെ തുറന്ന് കാട്ടിയ ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുകയാണ്. അഞ്ചാം വാർഷിക വേളയിൽ ചിത്രത്തെപ്പറ്റി മഞ്ജു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
'സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോൽക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓൾഡ് ആർ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞുവെന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം പ്രവർത്തിച്ചവർക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം-
'ഹൗ ഓൾഡ് ആർയു' റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവർഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകൾ പോലെ വർഷങ്ങൾ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം ഇന്നലെപ്പോലെ ഓർക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നൽകുന്ന അനുഭവം എന്നതിനേക്കാൾ പെൺമനസുകളുടെ മട്ടുപ്പാവിൽ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകൾ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓൾഡ് ആർ യു' എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോൽക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓൾഡ് ആർ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകൻ റോഷൻ ആൻഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്,നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരെ ഈ സന്ദർഭത്തിൽ നന്ദിയോടെ ഓർമിക്കുന്നു. ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കും നന്ദി...'
2014 മെയ് 17 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച സാമ്പത്തികവിജയവും പ്രേക്ഷകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരെക്കൂടാതെ കുഞ്ചാക്കോ ബോബൻ, കനിഹ, ലാലു അലക്‌സ്, വിനയ് ഫോർട്ട്,സുരാജ് വെഞ്ഞാറാമൂട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.