rahul-

ന്യൂഡൽഹി: നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ ദിവസം അവസാനിച്ചു. ഇന്ത്യയെ ആര് ഭരിക്കണമെന്ന ജനവിധി പുറത്ത് വരാൻ ഇനി മണിക്കൂറുകൾ മാത്രം. അഞ്ച് വർഷത്തെ ഭരണത്തിന് തുടർച്ചയുണ്ടാകുമെന്ന് ബി.ജെ.പിയും നഷ്‌ടപ്രതാപം തിരികെ പിടിക്കാമെന്ന് കോൺഗ്രസും കഴിയുമെങ്കിൽ ഭരണം പിടിക്കാമെന്ന് പ്രാദേശിക പാർട്ടികളും പ്രതീക്ഷ പുലർത്തുമ്പോൾ ജനവിധി എങ്ങോട്ടാണെന്ന് പ്രവചിക്കാൻ രാഷ്ട്രീയ നിരീക്ഷകർക്കും കഴിയുന്നില്ല. എന്നാൽ കടുത്ത ചൂടിനിടയിൽ നടന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ലവലേശം വിട്ടുവീഴ്‌ച നടത്താൻ ഒരു പാർട്ടികളും തയ്യാറായിട്ടില്ല. പ്രതികൂല കാലാവസ്ഥയിലും രാജ്യമൊട്ടാകെ 142 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. മോദിയുടെ മുഖ്യഎതിരാളിയായ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഒരൽപ്പം പിറകിലാണെങ്കിലും 125 റാലികളിൽ പങ്കെടുത്ത് തൊട്ടുപിന്നാലെ തന്നെയുണ്ട്. ഹിന്ദി ഹൃദയഭൂമിയിലും ഉത്തർപ്രദേശിലുമാണ് മോദി കൂടുതൽ റാലികൾ നടത്തിയതെങ്കിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു രാഹുലിന്റെ തീരുമാനം.

rahul-

80 സീറ്റുകളിൽ മത്സരം നടക്കുന്ന ഉത്തർപ്രദേശിൽ 18 റാലികളിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കൻ ഉത്തർപ്രദേശിലായിരുന്നു രാഹുലിന്റെ കൂടുതൽ പ്രവർത്തനവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും രണ്ട് സീറ്റുകളിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ, രാഹുലിന്റെ മണ്ഡലമായ അമേത്തിയും, സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയും. ഇരുസീറ്റുകളും കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ അത്ര അനുകൂലമല്ലെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ ഇവിടങ്ങളിൽ കാര്യമായ പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്.

rahul-

എന്നാൽ അമേത്തിക്ക് പുറമെ തെക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കാൻ രാഹുൽ തീരുമാനിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ തുടർച്ചയായി 12 റാലികളിലാണ് രാഹുൽ കേരളത്തിൽ സംസാരിച്ചത്. രാഹുലിന്റെ വരവോടെ തെക്കേ ഇന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗം ഉണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കേരളത്തിന് പുറമെ രാജസ്ഥാനിലും രാഹുൽ 12 റാലികളിൽ സംസാരിച്ചു. 25 സീറ്റുകളുള്ള സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമേ നിലവിൽ കോൺഗ്രസിനുള്ളൂ. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ കോൺഗ്രസ് സംസ്ഥാനത്ത് ഇത്തവണ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ മദ്ധ്യപ്രദേശിൽ 10 റാലികളിലും രാഹുൽ പങ്കെടുത്തു. ആകെ റാലികളിൽ 52 എണ്ണവും ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമതും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. വരുന്ന 23ന് ഫലപ്രഖ്യാപനം ഉണ്ടാകും.