ന്യൂഡൽഹി: ഷവോമിയുടെ റെഡ്മി നോട്ട് 7 സീരീസിലുളള ഏറ്റവും പുതിയ ഫോണായ റെഡ്മി നോട്ട് 7 എസ് മേയ് 20ന് ഇന്ത്യയിൽ പുറത്തിറങ്ങും. 48 മെഗാപിക്സൽ ക്യാമറയോടെയാണ് പുതിയ റെഡ്മി നോട്ടിന്റെ വരവ്. 7 എസ് ഇന്ത്യയിൽ ഇറങ്ങാൻ പോകുന്നു എന്ന തരത്തിലുളള വാർത്തകൾ വന്നു തുടങ്ങിയിട്ട് ഏതാനും നാളുകൾ ആയിരുന്നു.
സീരീസ് ലോഞ്ചിന് ശേഷം ഷവോമി ഇതുവരെ റെഡ്മി നോട്ട് 7ന്റെ 2 മില്ല്യൺ യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ റെഡ്മി നോട്ട് 7 പ്രോയിലുളള സോണിയുടെ ഐ.എം.എക്സ്. 586 സെൻസർ തന്നെയാണ് 7 എസിലും ഉളളത്.
തിളങ്ങുന്ന ചുവപ്പ് നിറത്തിലാകും റെഡ്‌മിയുടെ പുതിയ സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ കൈയിലെത്തുക. ഈ സീരീസിലുളള ഫോണുകളുടെ പ്രത്യേകതയായ ഡോട്ട് നോച്ച് ഡിസ്‌പ്ലേ 7 എസിലും ഉണ്ടാകും. ഈ ഫോണിലെ ക്യാമറയിൽ നിന്നും എടുത്ത ചിത്രങ്ങൾ ഷവോമി നേരത്തെ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ക്യാമറയുടെ കഴിവ് വെളിപ്പെടുത്തുന്ന തരത്തിലുളള ഈ ചിത്രങ്ങൾ തെളിയിക്കുന്നത് കുറഞ്ഞ ലൈറ്റിലും മികച്ച പെർഫോമൻസായിരിക്കും ഫോൺ കാഴ്ചവെയ്ക്കുക എന്നതാണ്.
ഏറ്റവും കുറഞ്ഞ ലൈറ്റിലും മികച്ച ചിത്രങ്ങൾ എടുക്കാനാവും എന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്. മാത്രമല്ല ഫോൺ അതിന്റെ പോർട്രൈറ്റ് മോഡിലും ഡേലൈറ്റ് മോഡിലും മികച്ച ചിത്രങ്ങളാകും നൽകുക എന്നും കമ്പനി പറയുനുണ്ട്. ഫോണിന്റെ സെൽഫി മോഡും മികച്ചതാണ്.
ഇന്ത്യയിൽ 9999 രൂപയാണ് ഫോണിന് ഷവോമി വിലയിട്ടിരിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയാകും പ്രധാനമായും റെഡ്മി 7 എസ് വിൽക്കപ്പെടുക.