ന്യൂഡൽഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പോലെയുള്ളവർ കൊലചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനെയാണെന്ന് നോബേൽസമ്മാന ജേതാവും ബാലാവകാശ പ്രവർത്തകനുമായ കെെലാഷ് സത്യാർഥി. മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ ദേശഭക്തനാണെന്ന പ്രഗ്യയുടെ പരാമർശത്തെയാണ് സത്യാർഥി വിമർശിച്ചത്.
ഗോഡ്സെ ഗാന്ധിജിയുടെ ശരീരത്തെ വധിച്ചു. എന്നാൽ, പ്രഗ്യയെപ്പോലുള്ളവർ ഗാന്ധിയുടെ ആത്മാവിനേയും ഒപ്പം അഹിംസയേയും സമാധാനത്തേയും സഹിഷ്ണുതയേയും വധിക്കുന്നു. ചെറിയ ഗുണങ്ങൾക്ക് വേണ്ടിയുള്ള ഈ താൽപര്യങ്ങളെ ബി.ജെ.പി നേതൃത്വം ഉപേക്ഷിക്കണം. ഇത്തരക്കാരെ പാർട്ടിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്നും സത്യാർഥി ട്വീറ്റ് ചെയ്തു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗോഡ്സെയാണെന്നുമുള്ള നടൻ കമൽ ഹാസൻെറ പരമാർത്തെ തുടർന്നായിരുന്നു ഗോഡ്സെ ദേശഭക്തനാണെന്ന് പ്രഗ്യാ സിംഗ് പറഞ്ഞത്. ഗോഡ്‌സെ ഒരു ദേശസ്‌നേഹി ആയിരുന്നുവെന്നും അങ്ങനെതന്നെ തുടരുമെന്നും ആയിരുന്നു പ്രഗ്യയുടെ പരാമർശം. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നും പ്രഗ്യ പറഞ്ഞിരുന്നു. ഇത്തരം പരാമർശം നടത്തിയ പ്രഗ്യയോട് തനിക്ക് ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.